പരപ്പങ്ങാടി സ്വദേശിയുടെ കൊലപാതകം: പിടിയിലായ അറബ് വംശജര്‍ കുറ്റം സമ്മതിച്ചു
റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ യമന്‍ പൗരന്‍മാര്‍ കുറ്റം സമ്മതിച്ചതായി റിയാദ് പൊലിസ് അറിയിച്ചു. ബഖാലയില്‍ ജോലി ചെയ്യുന്ന സിദ്ധീഖിനെ അക്രമി സംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടംഗ സംഘം റിയാദ് അസീസിയയിലെ ഗ്രോസറി ഷോപില്‍ സിദ്ദീഖിനെ അക്രമിച്ച് പണം കവര്‍ന്നത്. സംഭവശേഷം മണിക്കൂറുകള്‍ക്കകം പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ശിരസ്സിനും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ സിദ്ദീഖിനെ അബോധാവസ്ഥയില്‍ പട്രോള്‍ പൊലിസ് റെഡ് ക്രസന്റിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തിയ അന്വേഷണ സംഘം ബോധം വീണ്ടെടുത്ത സിദ്ദീഖില്‍ നിന്നു മൊഴിയെടുത്തിരുന്നതായി പൊലിസ് പറഞ്ഞു.
രണ്ടംഗ സംഘം കടയില്‍ കയറി കത്തി ഉപയോഗിച്ച് അക്രമിച്ചു പണം തട്ടിയെടുത്തശേം സില്‍വര്‍ നിറത്തിലുളള കാറില്‍ രക്ഷപ്പെട്ടെന്നായിരുന്നു മൊഴി. പ്രതികളെയും അവര്‍ സഞ്ചരിച്ച കാറിനെയും സംബന്ധിച്ച വിവരങ്ങള്‍ പട്രോള്‍ പൊലിസുകാര്‍ക്കും ചെക്ക് പോയിന്റുകള്‍ക്കും അന്വേഷണ സംഘം കൈമാറി.
അക്രമം നടത്തിയ ഒരാളെ റിയാദ് തായിഫ് റോഡിലെ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളിയെ പിടികൂടിയത്. ശനിയാഴ്ച രാത്രിയോടെ ഇയാളെയും അറസ്റ്റ് ചെയ്തു. ഷോപ്പിന് സമീപം സിദ്ദീഖിന്റെ സ്‌പോണ്‍സറുടെ ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.
ഇതില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ പ്രതികളെ വേഗം പിടികൂടാന്‍ സഹായിച്ചെന്ന് പൊലിസ് വക്താവ് കേണല്‍ ഫവാസ് അല്‍മൈമാന്‍ പറഞ്ഞു. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."