സഊദിയില്‍ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ 32 മലയാളികളടക്കം 48 ഇന്ത്യക്കാര്‍
റിയാദ്: സഊദിയിലെ ജിസാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത് 48 ഇന്ത്യക്കാര്‍. ഇതില്‍ 32 പേരും മലയാളികളാണ്. ജിസാന്‍ സെന്‍ട്രല്‍ ജയിലിലും നാട് കടത്തല്‍ കേന്ദ്രങ്ങളിലും കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ വൈസ് കോണ്‍സുലര്‍ ശിഹാബുദ്ധീന്‍ ഖാന്‍, അഡ്മിസ്‌നിസ്‌ട്രേറ്റിവ് ഓഫിസര്‍ റിയാസ് ജീലാനി എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ വിവിധ കേസുകള്‍ ചുമത്തപ്പെട്ടവരാണിവര്‍. വിചാരണത്തടവുകാരും കൂട്ടത്തിലുണ്ട്. തടവിലായ 32 മലയാളികളില്‍ പതിനാറു പേരും മലപ്പുറം ജില്ലക്കാരാണെന്നത് ശ്രദ്ദേയമാണ്. ഇവര്‍ക്ക് പുറമെ അഞ്ചു പഞ്ചാബുകാരും ഉത്തര്‍ പ്രദേശുകാരായ നാല് പേരും തമിഴ്‌നാട്ടില്‍ നിട്ടുള്ള മൂന്നു പേരും രണ്ടു കര്‍ണ്ണാടകക്കാര്‍, ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് ജയിലുകളില്‍ കഴിയുന്നത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ കൊലപാതക കേസുകളില്‍ വിചാരണ തടവുകാരായാണ് കഴിയുന്നത്.
മയക്കു മരുന്ന് വിഭാഗത്തില്‍പ്പെട്ട ഖാത്ത് കടത്തു കേസിലാണ് കൂടുതലും ഇന്ത്യക്കാരും പിടിയിലായത്. 32 ഇന്ത്യക്കാരാണ് ഖാത്ത് കടത്തു കേസില്‍ ഇവിടെ കഴിയുന്നത്. കൂടാതെ ഹഷീഷ് കടത്തില്‍ 20 വര്ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട നാല് പേരും ഇവിടെയുണ്ട്. കൈക്കൂലി കേസില്‍ മൂന്നു പേരും ലോട്ടറി ഇടപാട് കേസ്, മോഷണക്കേസ് എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ജയിലിലുള്ള ബാക്കിയുള്ളവര്‍.
നാട് കടത്തല്‍ കേന്ദ്രത്തില്‍ വിരലടയാള പരിശോധനയില്‍ കുടുങ്ങിയ മൂന്ന് മലയാളികളാണുള്ളത്. മൂന്നും നാലും തവണ റീ എന്‍ട്രി വിസയില്‍ നാട്ടില്‍ പോയി തിരിച്ചു വന്നവരാണ് പിന്നീട് വിരലടയാള പരിശോധനയില്‍ കുടുങ്ങിയത്. കൂടാതെ സ്‌പോണ്‍സര്‍ മാറി ജോലി ചെയ്ത ഒരു യു പി സ്വദേശിയും തര്‍ഹീലില്‍ കഴിയുന്നുണ്ട്.
ജിസാന്‍ സെന്‍ട്രല്‍ ജയില്‍ മേധാവി അലി ഹസന്‍ മസ്‌ലൂഫ് , ഉപമേധാവി അബ്ദുല്ല യഹ്‌യ ഹാതിഫ്, തര്‍ഹീല്‍ മേധാവി സയ്യിദ് ജലാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ സംഘത്തില്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ അംഗം ഹാരിസ് കല്ലായി, സാമൂഹ്യ പ്രവര്‍ത്തകരായ അക്ബര്‍ പറപ്പൂര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."