വൈദ്യുതി അപകടങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളികളുടെ മേല്‍ ചാരാനുള്ള നീക്കം ഉപേക്ഷിക്കണം
തൊടുപുഴ: വൈദ്യുതി അപകടങ്ങളുടെ ഉത്തരവാദിത്തം വയറിങ് തൊഴിലാളികളുടെ മേല്‍ കെട്ടിവെയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലൈസന്‍സുള്ള ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍, വയര്‍മാന്‍ എന്നിവരുടെ ഒപ്പും സീലും വെച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ വിതരണ ഏജന്‍സി മതിയായ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഉപഭോക്താവിന്റെ സ്ഥാപനത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാവൂ എന്നാണ് വൈദ്യുതി നിയമങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഓണ്‍ലൈന്‍ സര്‍വീസ് കണക്ഷന്‍ അപേക്ഷയില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ പേരും നമ്പറും മാത്രം രേഖപ്പെടുത്തി ഡെപ്പോസിറ്റും അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിച്ചാല്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്ന രീതിയാണ് അവലംബിക്കുന്നത്.
വയര്‍മാന്‍, സൂപ്പര്‍വൈസര്‍, കോണ്‍ട്രാക്ടര്‍ എന്നിവരുടെ ഒപ്പും സീലും ആവശ്യമില്ലാത്ത സ്ഥിതിക്ക് വ്യാജമായി ആര്‍ക്കും ഏതെങ്കിലും കോണ്‍ട്രാക്ടറുടെ പേരും നമ്പറും ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ കണക്ഷന്‍ ലഭിക്കും. വിതരണ ഏജസിയുടെ പരിശോധനയും കൂടി നടക്കാത്തതിനാല്‍ വൈദ്യുതി അപകടങ്ങളുടെ നിരക്ക് പതിന്മടങ്ങ് വര്‍ധിക്കും. മാത്രമല്ല, വയറിങ് തൊഴിലാളികളുടെ ചുമലില്‍ ഇതിന്റെ ഉത്തരവാദിതതവും വരും. ഇതിന് ഇടവരുത്താതെ, ബദല്‍ സംവിധാനം എന്ന നിലയില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കോണ്‍ട്രാക്ടര്‍, സൂപ്പര്‍വൈസര്‍, വയര്‍മാന്‍ എന്നിവരുടെ ഒപ്പും സീലും സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കാനും വിതരണ ഏജന്‍സി കാര്യക്ഷമായി സുരക്ഷാപരിശോധന നടത്താനും നടപടി ഉണ്ടാകണമെന്ന് കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."