അതിര്‍ത്തിത്തര്‍ക്കം വ്യാപിപ്പിക്കാന്‍ തമിഴ്‌നാട്
കട്ടപ്പന: കമ്പംമെട്ടിനു പിന്നാലെ അരുവിക്കുഴിയിലും അതിര്‍ത്തിയില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചതോടെ തമിഴ്‌നാടിന്റെ നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതായി സൂചന. ഇത്തരം സംഭവങ്ങളില്‍ കേരളം എങ്ങനെ പ്രതികരിക്കുന്നു എന്ന കാര്യം വിലയിരുത്താന്‍ തമിഴ്‌നാട് ലക്ഷ്യമിടുന്നതായിട്ടാണ് സൂചന.
അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായാല്‍ കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനെ അതു ദോഷകരമായി ബാധിക്കും. ഇതു മുതലാക്കി മേഘമല പോലുള്ള സ്ഥലങ്ങളിലെ വിനോദസഞ്ചാര വികസനവും തമിഴ്‌നാടു ലക്ഷ്യമിടുന്നതായി സംശയമുണ്ട്. എന്നാല്‍ കേരളം ഇതുവരെ പ്രശ്‌നം ഗൗരവമായി കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മംഗളാദേവി കൈയ്യടക്കാന്‍ നടത്തിയ ശ്രമം കേരള വനംവകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെയാണു പരാജയപ്പെട്ടത്. ഇപ്പോള്‍ മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മറവില്‍ ഇവിടെ വീണ്ടും ആധിപത്യം നേടിയെടുക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നുണ്ട്. വനംവകുപ്പിന്റെ കര്‍ശന നിലപാടുകളാണ് ഈ ശ്രമങ്ങള്‍ക്കു തിരിച്ചടിയായി നിലനില്‍ക്കുന്നത്.
1991 ജൂലൈ ഒന്നിന് അമരാവതി പാണ്ടിക്കുഴിയില്‍ നടന്ന സംഘര്‍ഷവും വെടിവയ്പും ഇപ്പോഴും നാട്ടുകാര്‍ മറന്നിട്ടില്ല. പതിറ്റാണ്ടുകള്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചു വിളയിച്ച കൃഷിഭൂമിയില്‍ നിന്നു കണ്ണീരോടെ പടിയിറങ്ങിയ ഒട്ടേറെ കുടുംബങ്ങള്‍ അതിര്‍ത്തി മേഖലയിലുണ്ട്. തമിഴ്‌നാട് ഇപ്പോള്‍ നടത്തുന്ന അതിര്‍ത്തിത്തര്‍ക്ക പ്രശ്‌നങ്ങള്‍ക്കു സമാനമായിരുന്നു അന്നത്തെ സംഭവങ്ങളും. അന്നു തമിഴ്‌നാടിന്റെ വനഭൂമിയിലേക്കു കയറി ആളുകള്‍ കൃഷി ചെയ്തിരുന്നതിനാല്‍ വേണ്ടവിധത്തില്‍ കേരളത്തിനു പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല.
പഴയ അതിര്‍ത്തി രേഖകള്‍ അവഗണിച്ചു കേരളത്തിന്റെ സ്ഥലം കൈയേറുക എന്ന തന്ത്രമാണു തമിഴ്‌നാട് ഇപ്പോള്‍ പ്രയോഗിക്കുന്നത്. അതിര്‍ത്തിപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട്ടില്‍ റവന്യു, വനംവകുപ്പ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു.
ഇതിനുശേഷമാണു തമിഴ്‌നാട് ഫോര്‍വേര്‍ഡ് ബ്ലോക്കെന്ന രാഷ്ട്രീയ പാര്‍ട്ടി കമ്പംമെട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതെന്നാണ് ആഭ്യന്തര വകുപ്പിനു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേരളത്തോടു ചേര്‍ന്ന വനപ്രദേശങ്ങളില്‍ തമിഴ്‌നാടു വനംവകുപ്പ് രണ്ടുമാസമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അതിര്‍ത്തി പുനര്‍ നിര്‍ണിയിക്കണമെന്ന ആവശ്യത്തിനും ഊന്നല്‍ കൊടുക്കുന്നു.
സംയുക്ത സര്‍വേ നടത്തുന്നതിനു മുന്നോടിയായി സര്‍വേക്കെത്തിയ തമിഴ്‌നാട് റവന്യു സംഘം പ്രദേശത്തെ അനവധി കര്‍ഷകരുടെ കാപ്പിച്ചെടി വെട്ടിനശിപ്പിച്ചിരുന്നു. ഈ ഭൂമിക്കാണു തമിഴ്‌നാട് അവകാശ വാദം ഉന്നയിച്ചിരിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പു കെട്ടിടത്തിന്റെ ഭിത്തിയില്‍ തമിഴ്‌നാട് റവന്യു സംഘം അടയാളം രേഖപ്പെടുത്തിയിരുന്നു. കമ്പംമെട്ടിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഭൂമിയും തമിഴ്‌നാട് കൈക്കലാക്കാനുള്ള ശ്രമങ്ങളാണു നടന്നുവരുന്നത്. മന്ത്രിമാരായ കെ. രാജുവും എം.എം. മണിയും സ്ഥലം സന്ദര്‍ശിച്ചെങ്കിലും പ്രദേശവാസികള്‍ ഇപ്പോഴും ആശങ്കയിലാണ്.കമ്പംമെട്ടില്‍ കഴിഞ്ഞ ദിവസം വനം മന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
മിഴ്‌നാട് അവകാശവാദമുന്നയിക്കുന്ന ഭൂമിയോടു ചേര്‍ന്നാണു കമ്പംമെട്ടിലെ വനംവകുപ്പിന്റെ ചെക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ വകുപ്പു മന്ത്രിയെത്തിയിട്ടും വനംവകുപ്പിന്റെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താതിരുന്നതാണു പ്രതിഷേധമുയര്‍ത്തുന്നത്. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക പരിപാടിയില്‍ കമ്പംമെട്ട് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പെട്ടെന്നു നടത്തിയ സന്ദര്‍ശനത്തില്‍ എത്താന്‍ കഴിഞ്ഞില്ലെന്നുമാണു വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.
പക്ഷേ, മന്ത്രിയുടെ മറ്റൊരു വകുപ്പായ മൃഗസംരക്ഷണത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തില്‍ മന്ത്രിയെ അനുഗമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."