പ്രളയത്തില്‍ നശിച്ച പുഴകള്‍ സംരക്ഷിക്കും
കണ്ണൂര്‍: പ്രളയത്തെ തുടര്‍ന്ന് മണ്ണടിഞ്ഞും ഗതിമാറിയൊഴുകിയും നാശോന്‍മുഖമായ പുഴകളുടെ സംരക്ഷണത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. പ്രളയത്തില്‍ ബാവലിയടക്കമുള്ള പുഴകള്‍ നികന്നു കേവലം നീര്‍ച്ചാലായി മാറിയതായും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ വഴിമാറി ഒഴുകുകയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പഠിക്കാന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ റിവര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് നടത്താവുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തും. പുഴയോര സംരക്ഷണത്തിന് ഉതകുന്ന വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.
ഓരോ ഡിവിഷന്‍ മെംബര്‍മാരും വരുന്ന പദ്ധതിയില്‍ പരിഗണിക്കാനായി രണ്ടു റോഡുകളുടെ നിര്‍ദേശം സമര്‍പ്പിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു. പട്ടികജാതി കോളനികളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സാധ്യതാപഠനം സംബന്ധിച്ച് അംഗങ്ങള്‍ പരാതി ഉന്നയിച്ച സ്ഥലങ്ങളില്‍ ജില്ലാ പട്ടികജാതി ഓഫിസറുടെ സാന്നിധ്യത്തില്‍ സാധ്യതാ പഠനം നടത്തണമെന്ന് പ്രസിഡന്റ് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സി.സി ടി.വി സ്ഥാപിക്കല്‍ പ്രൊജക്ടുമായി ബന്ധപ്പെടുത്തി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരണത്തിന് അംഗീകാരം നല്‍കി. 2018-19 വര്‍ഷം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയ്ഡഡ് സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
കൊമ്മേരി ആടുവളര്‍ത്തു കേന്ദ്രത്തിന്റെ ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് യോഗം ചേരും. ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാടക കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളില്‍നിന്നും കെട്ടിട വാടക ഇനത്തിലുള്ള തുക ഉടനെ ഈടാക്കുന്നതിന് നടപടി സ്വീകരിക്കും.
ജില്ലാ പഞ്ചായത്തിന് കീഴിലെ സ്‌കൂളുകളിലും ഘടക സ്ഥാപനങ്ങളിലും കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനായി സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ കണ്ണൂരിലെ സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷനെ നിര്‍വഹണ ഏജന്‍സിയാക്കാന്‍ തീരുമാനിച്ചു. അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാര്‍, വയനാട് എം.പി എം.ഐ ഷാനവാസ്, മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് എന്നിവര്‍ക്ക് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. പി.പി ദിവ്യ, വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, ടി.ടി റംല, കെ. മഹിജ, തോമസ് വര്‍ഗീസ്, സണ്ണി മേച്ചേരി, അന്‍സാരി തില്ലങ്കേരി, അജിത്ത് മാട്ടൂല്‍, വി. ചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."