തൊഴില്‍ പ്രതിസന്ധി: വഴി തെളിയുന്നു; സഊദി ഓജര്‍ കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
റിയാദ്: പ്രതിസന്ധിയിലായ ഓജര്‍ കമ്പനി സഊദി ഗവണ്‍മെന്റ് ഏറ്റെടുത്തേക്കും. ലബനീസ് പ്രധാനമന്ത്രിയായിരുന്ന സഅദ് അല്‍ ഹരീരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഓജര്‍ കമ്പനി ഏറ്റെടുക്കുന്നതിന് സഊദി ഗവണ്‍മെന്റ് താല്‍പര്യം പ്രകടിപ്പിച്ചതായി ലബ്‌നാനിലെ അല്‍ അഖ്ബാര്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു. ഇതിന്റെ മുന്നോടിയായി കൈമാറ്റം സംബന്ധിച്ച് ഹരീരിയും സഊദി ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ കമ്പനി പൂര്‍ണമായും വിട്ടുകൊടുക്കുന്നതിന് ഹരീരിക്ക് താല്‍പര്യമില്ലെന്നും 40 ശതമാനം ഓഹരിയെങ്കിലും കൈവശം വയ്ക്കാനുള്ള വിലപേശലാണ് ഹരീരി നടത്തുന്നതെന്നും പത്രം വെളിപ്പെടുത്തി. 10 ദിവസത്തിനകം കരാറിലെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഊദി സര്‍ക്കാരോ രാജകുടുംബത്തില്‍ പെട്ട വ്യവസായ പ്രമുഖരോ കമ്പനി ഏറ്റെടുത്തേക്കുമെന്നും പേര് വെളിപ്പെടുത്താത്ത വ്യക്തിയെ ഉദ്ധരിച്ച് പത്രം റിപോര്‍ട്ട് ചെയ്തു.
തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ശമ്പളവും ആനുകൂല്യവും നല്‍കുന്നതിനുള്ള കമ്പനിയുടെ ബാധ്യത കമ്പനിയില്‍നിന്ന് ഈടാക്കുമെന്ന് സഊദി തൊഴില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സാമ്പത്തിക ബാധ്യത എത്രയെന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഓജര്‍ കമ്പനിയോ സൗദി ഗവണ്‍മെന്റോ ഇതിനോട് പ്രതികരിച്ചിട്ടില്ല. കമ്പനി പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ആയിരകണക്കിന് ഇന്ത്യക്കാര്‍ ശമ്പളമില്ലാതെ ദുരിതത്തിലായത് വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."