ശബരിമല, റഫാല്‍ കേസുകളില്‍ സുപ്രിം കോടതി വിധി നാളെ
ന്യൂഡല്‍ഹി: ശബരിമല പുനഃപരിശോധന ഹര്‍ജികളിലും റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹരജികളിലും സുപ്രിം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. റഫാല്‍ കേസില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചുമാണ് വിധി പറയുക. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28 നാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച 56 റിവ്യൂ ഹരജികളിലാണ് നാളെ വിധി പ്രസ്താവിക്കുന്നത്.
കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി രാവിലെ 10.30 നാണ് പുറപ്പെടുവിക്കുക. സുപ്രിംകോടതി പുറപ്പെടുവിച്ച മുന്‍വിധി ശരിവെക്കുക, റിവ്യൂ അനുവദിച്ചുകൊണ്ട് മുന്‍വിധി സ്റ്റേ ചെയ്ത് വിശാല ബെഞ്ചിന് വിടുക എന്നീ സാധ്യതകളാണ് കോടതിക്ക് മുന്നിലുള്ളത്. റിവ്യൂ അനുവദിച്ചാല്‍ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ കോടതി ഉത്തരവിട്ടേക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ശബരിമല കേസില്‍ വീണ്ടും വാദം കേട്ടത്. കഴിഞ്ഞ സെപ്തംബറിലാണ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് യുവതീപ്രവേശനത്തിന് അനുമതി നല്‍കി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
ഇതിനെതിരെ ഹിന്ദു സംഘടനകളാണ് റിവ്യൂ ഹരജിയുമായി സുപ്രിംകോടതിയെ വീണ്ടും സമീപിച്ചത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
റഫാല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദേസായില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആക്ഷേപം. കേസില്‍ വിശദമായ വാദം കേട്ട കോടതി ഹരജി തള്ളുകയായിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവരാണ് റഫാല്‍ കേസില്‍ വിധി പറയുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികളില്‍ വിധി പറഞ്ഞതിനു ശേഷമാവും റഫാല്‍ കേസിലെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."