ഡിവിഷന്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്, പിടിച്ചെടുക്കാന്‍ യു.ഡി.എഫ്
കരുവള്ളിക്കുന്ന്: സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ മുന്നണികളുടെ ബലാബലം നിശ്ചയിക്കുന്ന കരിവള്ളിക്കുന്ന് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ അങ്കം മുറുകുന്നു.
29ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത്-വലത് മുന്നണികളും ബി.ജെ.പിയും പ്രചാരണ രംഗത്ത് സജീവമാണ്.
യു.ഡി.എഫിലെ റിനു ജോണും സി.പി.എമ്മിലെ റെബി പോളും തമ്മിലാണ് പോരാട്ടം. ബി.ജെ.പിയുടെ പി.കെ ശിവാനന്ദനും രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സോബിന്‍ വര്‍ഗീസ് 55 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 356 വോട്ടുകള്‍ സോബിന് കിട്ടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പൗലോസിന് 301 വോട്ടുകിട്ടി. അന്ന് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 46 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. സോബിന്‍ വര്‍ഗീസ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥാനം രാജിവെച്ചതാണ് കരുവള്ളിക്കുന്നില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.
ഇരുമുന്നണികളും തുല്യ ശക്തികളാണെന്ന് വാര്‍ഡിലെ പഴയ കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ടര വര്‍ഷം കൊണ്ട് രണ്ടര കോടിയുടെ വികസനം നടത്തിയതായി അവകാശപ്പെട്ടാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. ഇതിനെതിരേ മറു തന്ത്രങ്ങളുമായി യു.ഡി.എഫും പ്രചാരണ ചൂടിലാണ്. കരിവള്ളിക്കുന്ന്, പള്ളിപ്പടി, ചേക്കുംപടി, വേയ്റ്റ്കുന്ന് എന്നീ ഭാഗങ്ങളാണ് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. എല്ലാ ഭാഗത്തും കോടിതോരണങ്ങളും ഫ്‌ളക്‌സുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യു.ഡി.എഫ് ജയിച്ചാല്‍ നഗരസഭയില്‍ ഇടത്-വലത് മുന്നണികള്‍ ഒപ്പത്തിനൊപ്പമാകും. 35 അംഗ ഭരണസമിതിയില്‍ നിലവില്‍ ഇടതിനും വലതിനും 16 അംഗങ്ങളാണുള്ളത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് നഗരസഭ ഭരിക്കുന്നത്. സംസ്ഥാനത്ത് മാണി വിഭാഗം യു.ഡി.എഫിന്റെ ഭാഗമാണെങ്കിലും വയനാട്ടില്‍ നഗരസഭാ ഭരണത്തിന്റെ പേരില്‍ ഇപ്പോഴും എല്‍.ഡി.എഫിനൊപ്പം തുടരുകയാണ്. ഇതില്‍ പ്രതിഷേധിച്ച് യുവജന വിഭാഗം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടി വിടുകയും ചെയ്തിരുന്നു. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് തിരിച്ചുപോവുകയും ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്താല്‍ ഇടതിന് ഭരണം നഷ്ടമാകും. ഈ സാഹചര്യമുണ്ടാകാതിരിക്കാന്‍ കടുത്ത പ്രചാരണത്തിലാണ് ഇടതുപക്ഷം. 30നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."