ചീഫ് ജസ്റ്റിന്റെ ഓഫിസും വിവരാവകാശ പരിധിയില്‍: ചരിത്രവിധി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേത്
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസും ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും. ചരിത്രപ്രാധാന്യമുള്ള വിധി പുറപ്പെടുവിച്ചിരിക്കുന്നത് സുപ്രിം കോടതിയാണ്. സുതാര്യതയാണ് പൊതു സമൂഹം ആഗ്രഹിക്കുന്നത്. അതേ സമയം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം തടസ്സപ്പെടാനും പാടില്ല. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് പൊതു അതോറിറ്റിയാണ്. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. 2009 സെപ്റ്റംബറില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് പ്രഖ്യാപിച്ച നിര്‍ണായക വിധി അംഗീകരിച്ചാണ് സുപ്രിം കോടതിയുടെ വിധി പ്രസ്താവം. അഞ്ചംഗ ബെഞ്ചില്‍ മൂന്നുപേര്‍ വിധിയോട് യോജിച്ചു. രണ്ടുപേര്‍ വിയോജിച്ചു. ജഡ്ജിമാര്‍ക്ക് ചില പരിരക്ഷ ഉറപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നത് വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കമായിരുന്നു. അതിനാണ് ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബെഞ്ച് ഇപ്പോള്‍ തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രിം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ് ഇപ്പോള്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സുപ്രിം കോടതി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപ്പായില്ല. ഇതേ തുടര്‍ന്നാണ് നിയമയുദ്ധത്തിലേക്കു നീണ്ടത്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴില്‍ വരുമെന്ന് ജസ്റ്റിസ് ഭട്ട് വിധിച്ചത്. സുപ്രിംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ തടസവാദങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു ആ വിധി പ്രഖ്യാപനം.
നീതിന്യായ സംവിധാനമടക്കം എല്ലാ സംവിധാനങ്ങളും പുതിയ കാലത്ത് തുറന്നുകാണപ്പെടേണ്ടതാണെന്നും അതില്‍ നിയമസംവിധാനത്തിന് മാത്രം ഒഴിവുകഴിവ് പറയാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ഭട്ട്, 72പേജുള്ള വിധി പ്രസ്താവിച്ചത്. ഇദ്ദേഹം പിന്നീട് സുപ്രിംകോടതി ജഡ്ജിയായി നിയമിതനാവുകയും ചെയ്തു.
ജസ്റ്റിസ് ഭട്ടിന്റെ വിധിക്കെതിരേ സുപ്രിംകോടതി, ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. പക്ഷേ, 2010 ജനുവരി 12-ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ ജസ്റ്റിസുമാരായ വിക്രംജീത് സെന്‍, എസ്.മുരളീധര്‍ എന്നിവരടങ്ങിയ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ വിധി ശരിവെക്കുകയായിരുന്നു. സുപ്രിം കോടതിയുടെ പുതിയ വിധിയെ വിവരാവകാശ പ്രവര്‍ത്തകരും നിയമഞ്ജരും ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ ഇവിടെ നിന്നുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പബ്ലിക് റിലേഷന്‍ ഓഫിസര്‍ക്ക് തീരുമാനങ്ങള്‍ കൈകൊള്ളാമെന്നുമാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."