HOME
DETAILS

കുതിരക്കച്ചവടത്തിന് വാതില്‍ തുറന്ന് മഹാരാഷ്ട്ര

  
backup
November 13 2019 | 18:11 PM

horse-trade-and-maharashtra-election-791456-212

 

 

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത് മഹാവിജയം എന്നായിരുന്നു. എന്നാല്‍ ആ മഹാവിജയത്തിന്റെ കയ്പ്പ് നുണഞ്ഞുകൊണ്ടായിരിക്കണം അദ്ദേഹം കഴിഞ്ഞദിവസം ബ്രസീലിലേക്കു വിമാനം കയറിയിട്ടുണ്ടാവുക. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ ശുപാര്‍ശ അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ബ്രസീലിലേക്കു പോയത്.
രാഷ്ട്രപതി ഭരണം ബി.ജെ.പിക്ക് അവസരമൊരുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. 2017ലും 2018ലും ബി.ജെ.പി അധികാരത്തിലെത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യത്തിന് അനുസൃതമായി അരുണാചലിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും കര്‍ണാടകയിലും രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത ഗവര്‍ണര്‍മാരുടെ സംഘത്തിലേക്ക് ബി.ജെ.പി നേതാവ് കൂടിയായ ഭഗത് സിങ് കോഷ്യാരിയും ചേരുന്നു. ഭരണഘടനയും ജനാധിപത്യ മര്യാദകളും അവിടെ അപ്രസക്തമാവുകയും ചെയ്യുന്നു.
അവസാന നിമിഷത്തില്‍ എന്‍.സി.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മന്ത്രിസഭ അധികാരത്തില്‍ വന്നേക്കുമോ എന്ന സന്ദേഹത്താലായിരിക്കണം എന്‍.സി.പിക്ക് അനുവദിച്ച സമയം മുഴുവനും നല്‍കാതെ പാതിവഴിയില്‍ വച്ചുതന്നെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തിട്ടുണ്ടാവുക. കഴിഞ്ഞദിവസം രാത്രി 8.30 വരെയായിരുന്നു അനുവദിച്ച സമയം. എന്നാല്‍ ഉച്ചയ്ക്കു മുന്‍പുതന്നെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്രമന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതു തികച്ചും ജനാധിപത്യ- ഭരണഘടനാ വിരുദ്ധം തന്നെയാണ്.
ജനാധിപത്യ സംവിധാനമനുസരിച്ച് നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കേണ്ടതായിരുന്നു. അതും ഉണ്ടായില്ല. മന്ത്രിസഭ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് 48 മണിക്കൂര്‍ സമയം നല്‍കിയ ഗവര്‍ണര്‍ ശിവസേനയ്ക്കും കോണ്‍ഗ്രസിനും 24 മണിക്കൂറാണു നല്‍കിയത്. വിവേചനാധികാരത്തിന്റെ പേരില്‍ ജനാധിപത്യവിരുദ്ധ തീരുമാനങ്ങള്‍ എടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന സുപ്രിംകോടതി വിധിയും ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. അത് ഇവിടെ ലംഘിച്ചു. ജനാധിപത്യ ഭരണക്രമത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവര്‍ണര്‍മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്കുംകൂടി ബോധ്യമാകണം. ഇവിടെ ജനങ്ങളെ സംശയത്തിന്റെ ഇരുട്ടത്തു നിര്‍ത്തിയാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്.
വിവേചനാധികാരം പ്രയോഗിക്കേണ്ടത് ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാകണം. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാധ്യതകളും ഗവര്‍ണര്‍മാര്‍ പരിശോധിക്കുകയും വേണം. ഭരണഘടനാ തകര്‍ച്ച ഉണ്ടാകുമ്പോള്‍ മാത്രമേ ഗവര്‍ണര്‍മാര്‍ക്ക് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യാനുള്ള അധികാരമുള്ളൂ. രാഷ്ട്രപതി ഭരണം ഒരിക്കലും ഉപയോഗിക്കപ്പെടില്ലെന്നായിരുന്നു ഭരണഘടനയില്‍ ഈ വ്യവസ്ഥ എഴുതിച്ചേര്‍ക്കുമ്പോള്‍ ഭരണഘടനയുടെ മുഖ്യശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ പ്രത്യാശിച്ചിരുന്നത്. എന്നാല്‍ കുതിരക്കച്ചവടത്തിനും കാലുമാറ്റത്തിനും അവസരമൊരുക്കാനായി ഭരണകൂടങ്ങള്‍ രാഷ്ട്രപതി ഭരണത്തെ ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളില്‍ ഏതെങ്കിലും ഒരു കക്ഷി ഭൂരിപക്ഷമുണ്ടെന്ന അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കുകയും ഗവര്‍ണര്‍ക്ക് അതു ബോധ്യപ്പെടുകയും ചെയ്താല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കാം. മരവിപ്പിച്ചു നിര്‍ത്തിയ നിയമസഭക്കു പുതുജീവന്‍ നല്‍കുകയുമാവാം.
പറഞ്ഞുവരുന്നത്, ഇത്രയും സമയം ധാരാളമാണ് ബി.ജെ.പിക്ക് ശിവസേനയിലെയും കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും എം.എല്‍.എമാര്‍ക്ക് വില നിശ്ചയിച്ച് വാങ്ങിക്കാന്‍. അതിനുവേണ്ടി മാത്രമാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളരെക്കാലം എം.എല്‍.എമാരെ റിസോര്‍ട്ടുകളില്‍ താമസിപ്പിക്കാന്‍ ശിവസേനക്ക് കഴിയില്ല. രാഷ്ട്രപതി ഭരണത്തിനെതിരേ സുപ്രിംകോടതിയെ സമീപിക്കാനിരുന്ന ശിവസേന ഇപ്പോള്‍ വീണ്ടുവിചാരത്തിലാണ്. വീണ്ടും ബി.ജെ.പിയുമായി സഖ്യചര്‍ച്ചകള്‍ ആരംഭിക്കാനുള്ള അണിയറ നീക്കങ്ങളിലാണവര്‍. ശിവസേനയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ തത്വദീക്ഷയും സത്യസന്ധതയും വലിയ മനഃസാക്ഷിക്കുത്തുണ്ടാക്കുന്ന കാര്യമല്ല. തീവ്രഹിന്ദുത്വ നിലപാടുകള്‍ വച്ചുപുലര്‍ത്തുകയും ഇതരസംസ്ഥാന ജനങ്ങളെ ശത്രുതയോടെ വീക്ഷിക്കുകയും ചെയ്യുന്ന ശിവസേനക്ക് അധികാരത്തിനുവേണ്ടി എങ്ങോട്ടു ചായാനും മടിയില്ല. അതായത്, അധികാരമില്ലാത്ത ഒരവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ ശിവസേനക്കു കഴിയില്ല. അതിനാല്‍തന്നെ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ചത് മറക്കാന്‍ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്ക് വിഷമവും ഉണ്ടാവുകയില്ല. വീണ്ടും ബി.ജെ.പിയുമായി അടുക്കുന്നതിന്റെ അണിയറ നീക്കങ്ങളില്‍ വ്യാപൃതമായതു കൊണ്ടായിരിക്കണം ഇന്നലെ സുപ്രിംകോടതിയില്‍ രാഷ്ട്രപതി ഭരണത്തിനെതിരേ ഹരജി നല്‍കുമെന്ന് പറഞ്ഞിരുന്ന ശിവസേന അവസാന നിമിഷത്തില്‍ അതു മാറ്റിവച്ചിട്ടുണ്ടാവുക.
ഗോവയിലും കര്‍ണാടകയിലും എം.എല്‍.എമാര്‍ക്ക് കോടികള്‍ വിലയിട്ട് അവരെ വാങ്ങി കോണ്‍ഗ്രസ് മന്ത്രിസഭകളെ മറിച്ചിട്ട് ഭരണത്തിലേറിയ ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ അതിന്റെ തഴക്കവും വഴക്കവും പ്രയോഗിക്കാവുന്നതേയുള്ളൂ. ഈ ഭയപ്പാടായിരിക്കണം ശിവസേനയെ വീണ്ടും ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്നത്. കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിന്റെ രാഷ്ട്രപതി ഭരണത്തിനായുള്ള ശുപാര്‍ശ ഭരണഘടനയോടും ജനാധിപത്യ മര്യാദകളോടുമുള്ള പരസ്യമായ അവഹേളനമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago