വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരേ നടപടി
കോട്ടയം: ജില്ലയില്‍ അക്ഷയകേന്ദ്രങ്ങളുടെ മാതൃകയില്‍ നിരവധി അനധികൃത സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ പൊതുജനങ്ങളെ തെറ്റിധരിപ്പിച്ച് വ്യാജമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേര്, ലോഗോ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ സേവനം തേടുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടെന്ന് പൊലിസ്ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, മുതലായവ ഇത്തരം കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ അന്യവ്യക്തികള്‍ അനധികൃതമായി ഇത് ഉപയോഗപ്പെടുത്താനിടയുണ്ട്.
ഇ ഡിസ്ട്രിക്ട്, ഇ ഗ്രാന്റ്‌സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ആധാര്‍ തുടങ്ങി മിക്ക സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കുന്നതിനുള്ള ആധികാരികമായ പോര്‍ട്ടല്‍ ലോഗിന്‍ സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ക്കു മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ജില്ലയില്‍ 188 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഒഴിവുകള്‍ വരുന്ന മുറയ്ക്ക് ജില്ലാ കളക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാണ് അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിക്കുന്നത്.
തുടര്‍ന്ന് തികച്ചും സുതാര്യമായ വിധത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഓണ്‍ലൈന്‍ ടെസ്റ്റും, അഭിമുഖവും കഴിഞ്ഞാണ് യോഗ്യരായ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നത്. ഈ അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തുന്ന സേവനങ്ങള്‍ക്ക് അക്ഷയ സംരംഭകനും അതു വഴി സംസ്ഥാന ഐ.ടി മിഷനും നിയമപരമായി ഉത്തരവാദികളാണ്. എന്നാല്‍ സ്വകാര്യ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ വഴി നടത്തപ്പെടുന്ന സേവനങ്ങള്‍ക്ക് ഇത്തരത്തിലുളള യാതൊരുവിധ നിയമ പരിരക്ഷയും ലഭിക്കുകയില്ല.
ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോ മറ്റു യാതൊരു വിധ അംഗീകാരമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."