യു.ഡി.എഫ് വിടണമെന്ന വികാരം ജെ.ഡി.യുവിലും ശക്തം
കോഴിക്കോട്: യു.ഡി.എഫ് വിടാനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനത്തിന് പിന്നാലെ മുന്നണി വിടണമെന്ന ആവശ്യം ജനതാദള്‍ യുനൈറ്റഡിലും ശക്തമായി. യു.ഡി.എഫില്‍ ഇനിയും തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ നില പരിതാപകരമാവുമെന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളും. മാണി വിഭാഗത്തോട് പെരുമാറിയതിലും മോശമായാണ് ജെ.ഡി.യുവിനോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടെന്നും അവഗണന സഹിച്ച് യു.ഡി.എഫില്‍ തുടരേണ്ടതില്ലെന്നുമാണ് ഇവരുടെ നിലപാട്.
യു.ഡി.എഫില്‍ തുടരണമെന്ന് വാദിച്ച നേതാക്കളൊന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ശക്തരല്ല. ഇത്തരമൊരു സാഹചര്യത്തില്‍ എതിര്‍വിഭാഗം യു.ഡി.എഫ് വിടണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ്. യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസ് ഘടകകക്ഷികളെ മാനിക്കുന്നില്ലെന്ന കേരള കോണ്‍ഗ്രസ് നിലപാട് തന്നെയാണ് ജെ.ഡി.യു നേതാക്കള്‍ക്കുമുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ പാര്‍ട്ടി പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്.
ഏഴു സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചു പരാജയപ്പെട്ടത്. സമ്പൂര്‍ണ തോല്‍വിയെ തുടര്‍ന്നു ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങളിലെല്ലാം യു.ഡി.എഫ് വിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കി കോണ്‍ഗ്രസ് അനുനയ നീക്കം നടത്തിയത്.
ഇതോടെ പ്രതിഷേധം തല്‍ക്കാലത്തേക്കു തണുത്തു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.ഡി.എഫ് ബന്ധം മതിയാക്കുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് ഇടതനുകൂലികളായ നേതാക്കള്‍ വാദിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ യു.ഡി.എഫ് വിടണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമായിരുന്നു. ഭൂരിപക്ഷം നേതാക്കള്‍ക്കും 12 ജില്ലാ കമ്മിറ്റികള്‍ക്കും ഇതേ നിലപാടായിരുന്നു.
എന്നാല്‍ ഈ ആവശ്യം തള്ളി യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കാനാണ് സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ തീരുമാനിച്ചത്. യു.ഡി.എഫ് മന്ത്രിസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച കെ.പി മോഹനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനുമാണ് യു.ഡി.എഫ് ബന്ധം തുടരണമെന്ന് നിലപാടെടുത്തത്.
യു.ഡി.എഫ് വിട്ടാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സമദൂര സിദ്ധാന്തമായിരിക്കില്ല ജെ.ഡി.യു സ്വീകരിക്കുകയെന്ന് യുവജനതാദള്‍-യു സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പെട്ടെന്നൊരു തീരുമാനത്തില്‍ ജെ.ഡി.യുവിന് എത്താനാകില്ല.
മെമ്പര്‍ഷിപ്പ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയായാലേ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."