തദ്ദേശത്തിലെ സഹകരണം മാണിക്ക് എളുപ്പമാവില്ല
കോട്ടയം: യു.ഡി.എഫ് വിട്ടതായി പ്രഖ്യാപിക്കുമ്പോഴും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ധാരണ തുടരുമെന്ന പ്രഖ്യാപനം കേരളാ കോണ്‍ഗ്രസ് എമ്മിന് പ്രയോഗതലത്തില്‍ എളുപ്പമാവില്ല.
കോണ്‍ഗ്രസ് സഹകരിക്കാത്ത തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസ്(എം) ആരുമായി സഹകരിക്കുമെന്നത് അവരുടെ ഭാവി രാഷ്ട്രീയബന്ധങ്ങളിലേക്കാകും വിരല്‍ ചൂണ്ടുക.
മുന്നണിവിടാനുള്ള തീരുമാനം വരുന്നതിന് മുന്‍പുതന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാണിക്കെതിരേ രംഗത്തുവന്നിരുന്നു. തീരുമാനം പ്രഖ്യാപിച്ച ശേഷം വി.എം.സുധീരനടക്കം ശക്തമായ വാക്കുകളിലൂടെയാണ് പ്രതിഷേധിച്ചത്. ഉമ്മന്‍ചാണ്ടി മാത്രമാണ് മാണിയോട് കുറച്ചെങ്കിലും മൃദുസമീപനം പുലര്‍ത്തിയത്.
കോണ്‍ഗ്രസിനെതിരേ പരസ്യമായി രംഗത്തുവന്ന മാണിയുമായി തദ്ദേശതലത്തില്‍ മാത്രം സഹകരിക്കുന്നത് രാഷ്ട്രീയ സദാചാരമല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.
ഇന്നലെ ചരല്‍ക്കുന്ന് ക്യാംപ് വേദിക്ക് പുറത്ത് മാണിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ കേരളാ കോണ്‍ഗ്രസ്(എം) മുന്നണിവിട്ടതിന്റെ പേരിലുള്ള ആഹ്ലാദപ്രകടനങ്ങളും ഇരു പാര്‍ട്ടികള്‍ തമ്മില്‍ താഴേത്തട്ടിലാണെങ്കില്‍ പോലും സഹകരണം എളപ്പുമാവില്ലെന്നാണു വ്യക്തമാക്കുന്നത്.
പ്രാദേശികതലത്തിലെ ധാരണ തുടരാനായില്ലെങ്കില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം ഭരണമാറ്റം ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."