മണ്ണഞ്ചേരി വില്ലേജ് ഓഫിസിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം
മണ്ണഞ്ചേരി: അഴിമതിയെന്ന് വ്യാപകമായ പരാതിയെതുടര്‍ന്ന് മണ്ണഞ്ചേരി വില്ലേജ് ഓഫിസിലെ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. കഴിഞ്ഞ ദിവസം നടന്ന വിജിലന്‍സ് പരിശോധനയ്ക്കുശേഷം ഇവിടുത്തെ വില്ലേജ് ഓഫിസറെ ചെറുതന വില്ലേജിലേക്ക് സ്ഥലംമാറ്റിയിരുന്നു. വിജിലന്‍സ് പരിശോധനാറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെതുടര്‍ന്ന് ഇവിടെ നിന്ന് സ്ഥലംമാറ്റിയ വില്ലേജ് ഓഫിസര്‍ നസീറിനെ സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
കൂടാതെ മണ്ണഞ്ചേരി വില്ലേജിലെ അഞ്ച് ഉദ്യോഗസ്ഥരെ അമ്പലപ്പുഴ താലൂക്കിന് പുറത്തേയ്ക്കാണ് സ്ഥലംമാറ്റിയിട്ടുള്ളത്. കഴിഞ്ഞ മാസം വില്ലേജ് അധികൃതരുടെ അവഗണനയില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്ത സംഭവത്തെതുടര്‍ന്ന് സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫിസുകളില്‍ പരിശോധനകള്‍ നടത്താന്‍ റവന്യൂമന്ത്രിയുടെ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവാണ് മണ്ണഞ്ചേരി വില്ലേജ് ജീവനക്കാരെ കുടുക്കിയത്.
സര്‍വിസില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ ഈ ഓഫിസ് നിയന്ത്രിക്കുന്നതായ് പരാതിയുയര്‍ന്നിരുന്നു.
ഈ വില്ലേജ് ഓഫിസില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ എത്തുന്നവരില്‍ നിന്നും ബുക്ക് ബൈയ്ന്റിങും മറ്റ് ചിലവുകള്‍ എന്ന പേരുകളില്‍ പണം വാങ്ങിയിരുന്നതായി കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ബന്ധുക്കളില്‍നിന്നും പോലും ഇവിടുത്തെ ജീവനക്കാര്‍ പണംവാങ്ങിയതായി സര്‍വിസ് സംഘടനകളില്‍ പരാതി ലഭിച്ചിരുന്നതായും അറിയുന്നു. വനിതാ വില്ലേജ് ഓഫിസര്‍ മാത്രമാണ് ഇനി ഈ വില്ലേജില്‍ പുതിയതായി ജീവനക്കാര്‍ എത്തുന്നതുവരെ ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."