പി.കെ ശശി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം: യൂത്ത് ലീഗ്
പാലക്കാട് : ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ സി.പി.എം പാര്‍ട്ടി ശിക്ഷാ നടപടിയെടുത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് പൊതുസമൂഹത്തോട് മാപ്പുപറയാന്‍ പി കെ ശശി തയ്യാറാകണമെന്നു മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ശശിക്കെതിരെ വന്ന പരാതിയില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ അടിസ്ഥാനത്തിലാണ് എം.എല്‍.എ കൂടിയായ പി.കെ ശശിയെ ആറുമാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കേരളത്തിന്റെ നിയമ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയും ഒരു പാര്‍ലമെന്റ് അംഗവും ഉള്‍ക്കൊള്ളുന്ന സമിതിയാണ്. സ്വന്തം പാര്‍ട്ടി തന്നെ പരാതിയില്‍ അടിസ്ഥാനമുണ്ടെന്നു വിലയിരുത്തി ശിക്ഷ വിധിച്ച സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ പി.കെ ശശിക്ക് ധാര്‍മികമായി അവകാശമില്ലെന്ന് യൂത്ത് ലീഗ് ആരോപിച്ചു.
നിയമ വകുപ്പ് മന്ത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ പി.കെ ശശി എം.എല്‍.എ കുറ്റക്കാരനാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലൈംഗിക അതിക്രമത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസും തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.എ സാജിത് അധ്യക്ഷനായി. ജന.സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, ഭാരവാഹികളായ ഇഖ്ബാല്‍ പുതുനഗരം, ബി.എസ് മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയില്‍, വി.പി ഫാറൂഖ് മാസ്റ്റര്‍, സക്കരിയ കൊടുമുണ്ട, കെ.പി.എം സലീം, എ.എം അലി അസ്ഗര്‍, മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു, നസീര്‍ തൊട്ടിയാന്‍, പി.എം സലാഹുദ്ദീന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."