ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന വ്യാപകമാകുമ്പോള്‍ പരിശോധനകള്‍ പ്രഹസനം
അബ്ദുല്‍ ഹക്കിം കല്‍മണ്ഡപം
പാലക്കാട്: നഗരത്തില്‍ ബസ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പന വ്യാപകമാകുമ്പോഴും പരിശോധനകള്‍ പ്രഹസനമാകുന്നു. നഗരത്തിലെ തിരക്കുള്ള സ്റ്റേഡിയം ബസ് സ്റ്റാന്റ്, മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് , കെ.എസ്.ആര്‍.ടി.സി, ടൗണ്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍, കഞ്ചാവ് എന്നിവ വ്യാപകമായി വിപണനം നടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന പുകയില ഉത്പന്നങ്ങളുടെ വിപണനം നിരോധനമുണ്ടെങ്കിലും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് വിപണനം നടത്തുന്നത്. മുപ്പത് പാക്കറ്റുകളടങ്ങുന്ന ഒരു ബണ്ടിലിന് നാനൂറ് രൂപയാണ് മൊത്തവിലയെന്നിരിക്കെ ഇതിന്റെ ചില്ലറ വില്‍പന ഒരു പാക്കറ്റിന് മുപ്പത്- നാല്‍പത് രൂപയാണ്. 400 രൂപയ്ക്ക് മാര്‍ക്കറ്റിലെ ചില കച്ചവടക്കാര്‍ വില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുവരുന്ന യുവാക്കളുള്‍പ്പെടുന്ന സംഘം ഇതിന് 300 രൂപയ്ക്ക് വില്‍ക്കുന്നുണ്ട്. ബസ് സ്റ്റാന്റിന് സമീപത്തെ പെട്ടിക്കടകളാണ് വിപണനകേന്ദ്രങ്ങളാവുന്നത്. എന്നാല്‍ ഇവ പരിശോധകരുടെ കണ്ണില്‍പെടാതിരിക്കാന്‍ സമീപത്തെ രഹസ്യ കേന്ദ്രങ്ങളില്‍ വെച്ചാണ് വിപണനം നടത്തുന്നത്.
പരിചയമില്ലാത്തവര്‍ക്കു സാധനം കിട്ടില്ലെങ്കിലും സ്ഥിരം ഉപഭോക്താക്കള്‍ക്കു യാഥേഷ്ടവുമാണ്. ഇതരസംസ്ഥാനക്കാരും വിദ്യാര്‍ഥികളുമാണ് ഇതിന്റെ പ്രധാന ഇരകള്‍. ഇതിനുപുറമേ വീര്യംകൂടിയ ഗുഡ്കകളുടെ വില്‍പനയും തകൃതിയാണ്. വെറ്റിലയില്‍ കറുപ്പ് കളറിലുള്ള ലഹരി വസ്തുക്കള്‍ തേച്ച് അടക്കയുടെ പൊടിയും മറ്റും ഇട്ടുനല്‍കുന്ന ഇത്തരം ഗുഡ്കകളുടെ ഉപയോഗം കാന്‍സറുകള്‍ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുമെന്നിരിക്കെ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് വിപണനം നടത്തുന്നത്. ലഹരി കൂടുന്നതിനായി ഇത്തരം ഉത്പന്നങ്ങളില്‍ കുപ്പിച്ചില്ലുകള്‍ പൊടിച്ച മിശ്രിതം വരെ ചേര്‍ക്കുന്നതായും പറയപ്പെടുന്നു.
120 മുതല്‍ 420 വരെയുള്ള ഡോസുകളിലാണ് ഇത്തരം ഗുഡ്കകള്‍ വില്‍ക്കുന്നതെന്നിരിക്കെ കൂടുതലും ഇതര സംസ്ഥാനക്കാരാണ് ഉപഭോക്താക്കള്‍. ബസ് സ്റ്റാന്റിനു സമീപം പൊലിസുകാരുടെ സേവനമുണ്ടെങ്കിലും ഇത്തരം ലഹരിവിപണന കേന്ദ്രങ്ങളെപ്പറ്റി അന്വേഷിക്കാനോ നടപ്പടികള്‍ കൈകൊള്ളാനോ ബന്ധപ്പെട്ടവര്‍ മുതിരാറില്ല. അഥവാ വിരലിലെണ്ണാവുന്നത് പിടിച്ചെടുത്താല്‍ ഇവയുടെ ഫോട്ടോയെടുത്ത് ചുരുങ്ങിയ ഫൈന്‍ ഇടുകയും അത് കൈപ്പറ്റുകയുമല്ലാതെ വ്യാപകമായി വില്‍ക്കുന്നവരെ തൊടാറുപോലുമില്ല. തമിഴ്‌നാട്ടിലും ഇത്തരം ഉത്പന്നങ്ങള്‍ക്ക് നിരോധനം വന്നതോടെ കേരളത്തിലും വിലകൂടിയിരിക്കുകയാണ്.
വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരെ മാരകരോഗങ്ങള്‍ക്കടിമയാക്കുന്ന ഇത്തരം നിരോധിത ഉത്പന്നങ്ങള്‍ വിതരണം നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരിശോധനകള്‍ കര്‍ക്കശമാക്കണമെന്നാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."