ക്രൈംബ്രാഞ്ചിലും 'തച്ചങ്കരി ഇഫക്ട്' മടിയന്മാര്‍ പടിക്കുപുറത്ത്; ലക്ഷ്യം സി.ബി.ഐ മോഡല്‍
കൊച്ചി: ക്രൈംബ്രാഞ്ചിനെ ഒറ്റരാത്രികൊണ്ട് 'വെടിപ്പാക്കി' മേധാവി ടോമിന്‍ ജെ. തച്ചങ്കരി. ഡെപ്യൂട്ടേഷന്റെ പേരില്‍ വര്‍ഷങ്ങളായി ക്രൈംബ്രാഞ്ചില്‍ ഒതുങ്ങിനിന്നിരുന്ന ഉദ്യോഗസ്ഥരെ 24 മണിക്കൂറിനുള്ളില്‍ മാതൃ സ്റ്റേഷനുകളിലേക്ക് തിരികെവിട്ടുകൊണ്ടാണ് തച്ചങ്കരിയുടെ ശുദ്ധികലശം.
സംഘടനാ നേതാക്കള്‍ക്ക് ചിന്തിക്കാന്‍പോലും സമയം നല്‍കാതെയുള്ള നീക്കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ പിന്തുണയുണ്ട്. ക്രൈംബ്രാഞ്ചിനെ സി.ബി.ഐയുടെ 'പ്രൊഫഷനല്‍' സ്വഭാവത്തിലേക്ക് മാറ്റാനുള്ള നീക്കത്തിന് മുന്നോടിയായാണ് സ്ഥലംമാറ്റ നടപടി.
ഡെപ്യൂട്ടേഷനില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രൈംബ്രാഞ്ചിലെത്തി 'ഇരിപ്പുറപ്പിച്ചവരെ' തിരികെ അയക്കണമെന്നത് കാലങ്ങളായി സേനയ്ക്കുള്ളില്‍ ഉയരുന്ന ആവശ്യമായിരുന്നു. എന്നാല്‍, സ്ഥലംമാറ്റം സംബന്ധിച്ച് മുന്‍ മേധാവിമാര്‍ ഇറക്കിയ പല ഉത്തരവുകളും സംഘടനാ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വെളിച്ചംകണ്ടില്ല.
ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ആദ്യവും ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നിട്ടും ക്രൈംബ്രാഞ്ചിന്റെ ഒരു യൂനിറ്റിലും ഒന്നും നടന്നില്ല. ഡെപ്യൂട്ടേഷന്‍ കാലാവധി അനധികൃതമായി നീട്ടി ജോലിയില്‍ തുടരുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള സര്‍ക്കുലറിനുപോലും നേരാംവണ്ണം മറുപടി നല്‍കാന്‍ യൂനിറ്റുകള്‍ തയാറായില്ല. വിവരം നല്‍കാനുള്ള സമയപരിധി നീട്ടിനല്‍കാനല്ലാതെ ഉത്തരവ് നടപ്പാക്കാന്‍ മേധാവിമാരും ശ്രമിച്ചില്ല.
ഇത് ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനക്ഷമതയെ വെല്ലുവിളിക്കുന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് തച്ചങ്കരി ചുമതല ഏറ്റെടുക്കുന്നത്. ഇതോടെ ചിത്രം മാറി. ക്രൈംബ്രാഞ്ചില്‍ പ്രവേശനപരീക്ഷയും മുഖാമുഖവും ഏര്‍പ്പെടുത്തുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ഇവരുടെ റാങ്ക് ലിസ്റ്റ് തയാറാക്കിയ ശേഷമാണ് തിങ്കളാഴ്ച രാത്രിയോടെ സ്ഥലംമാറ്റ ഉത്തരവിറക്കിയത്.
ഒറ്റദിവസംകൊണ്ട് ഉത്തരവ് നടപ്പാക്കാനായിരുന്നു എല്ലാ യൂനിറ്റുകള്‍ക്കുമുള്ള നിര്‍ദേശം. സംഘടനാ നേതൃത്വത്തിന് ഒരു സൂചനയും നല്‍കാതെയാണ് ഉത്തരവിറക്കിയതും നടപ്പാക്കിയതും. ഇതേതുടര്‍ന്ന് വര്‍ഷങ്ങളായി ക്രൈംബ്രാഞ്ചില്‍ 'കയറിക്കൂടിയ' നിരവധിപേരാണ് ഒറ്റ ദിവസംകൊണ്ട് മാതൃസ്റ്റേഷനുകളിലേക്ക് തിരികെപ്പോയത്. ഇതില്‍ കോണ്‍സ്റ്റബിളായി വന്ന് എസ്.ഐയായി മാറിയവര്‍ വരെയുണ്ട്.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം ഉടന്‍ റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നടത്താനാണ് തീരുമാനം. ഇതോടെ സേനയിലെ കുറ്റാന്വേഷണ വൈദഗ്ധ്യമുള്ള ചെറുപ്പക്കാര്‍ക്ക് ക്രൈംബ്രാഞ്ചില്‍ അവസരം ലഭിക്കുമെന്നാണ് തച്ചങ്കരിയും ആഭ്യന്തരവകുപ്പും കരുതുന്നത്. അതേസമയം, കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയോടെ തച്ചങ്കരി നടത്തിയ ശുദ്ധീകരണത്തിനെതിരേ ക്രൈംബ്രാഞ്ചില്‍ അതൃപ്തി ഉടലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."