പെല്ലറ്റ് ഗണ്ണുകള്‍ കശ്മിര്‍ ഭരിക്കുമ്പോള്‍
'കശ്മിരില്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെപ്പോലെയാണ്'. മുഗള്‍ചക്രവര്‍ത്തിയായിരുന്ന ജഹാംഗീറിന്റെ വാക്കുകളാണിത്. ഒരുകാലത്ത് ഇന്ത്യന്‍ മതേതരത്വത്തിന്റെയും രാഷ്ട്രീയനയതന്ത്രത്തിന്റെയും കേന്ദ്രബിന്ദുവായിരുന്ന കശ്മിര്‍ ഇന്നു കലാപങ്ങളുടെ ജന്മഭൂമിയാണ്. ഒരുകാലത്ത് മനോരമ്യമായ കാഴ്ചകള്‍കൊണ്ടു കണ്ണഞ്ചിപ്പിച്ച ഈ മണ്ണ് ഇന്നു ചിതറിക്കിടക്കുന്ന ശവപ്പറമ്പാണ്.
ഭരണരംഗത്തെ മാറ്റങ്ങള്‍ നയതന്ത്രരംഗത്തും കാതലായ പ്രതിഫലനങ്ങളുണ്ടാക്കി. വിഭജനത്തിന്റെപേരില്‍ എന്നും അക്രമണങ്ങള്‍ക്കിരയായ കശ്മിര്‍ ഒടുവില്‍ പെല്ലറ്റ് ഗണ്ണുപോലുള്ള ആധുനിക യുദ്ധസാമഗ്രികളുടെ സ്വദേശമായി മാറിക്കൊണ്ടിരിക്കുകയാണ്. മണിപ്പൂരിലെ അഫ്‌സ്പയെന്ന നിയമത്തിന്റെ മറപിടിച്ച് ഇന്നു കശ്മിരിലും അതു പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ സുപ്രിംകോടതി വരെ നിരോധിച്ചെങ്കിലും സൈനികര്‍ പെല്ലറ്റ്ഗണ്‍ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
ഇന്നു കശ്മിരിന്റെ ആഭ്യന്തരകാര്യങ്ങളില്‍പ്പോലും പാകിസ്താന്‍ ഇടപെട്ടുകൊണ്ടിരിക്കുകയും നമ്മുടെ നയതന്ത്ര ഇടപെടലുകള്‍ക്ക് ഉലച്ചില്‍തട്ടുകയും ചെയ്യുന്ന ദയനീയകാഴ്ചയാണ് കാണുന്നത്. അഫ്‌സ്പ മണിപ്പൂരിലെ ജനങ്ങളിലുണ്ടാക്കിയ ഭീകരതയും ഭീതിയും ചെറുതല്ല. ഒടുവില്‍ ഇറോം ശര്‍മിളയ്ക്കുവരെ തന്റെ ഉപവാസസത്യഗ്രഹം ഉപേക്ഷിച്ചു ജനായത്തത്തിന്റെ വഴിയേവരേണ്ടിവന്നതും നാം ദര്‍ശിച്ചു. അതേനിയമം കശ്മിരിന്റെ താഴ്‌വാരങ്ങളിലും നടപ്പാക്കപ്പെടുമ്പോള്‍ അവിടെ നഷ്ടമാവുന്നതു ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്, കൂടെ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പാഠങ്ങളും.
ഇനിയെങ്കിലും കശ്മിരിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ അധികാരികള്‍ ശ്രമിച്ചില്ലെങ്കില്‍ ഈ രാജ്യത്തിന്റെ പറുദീസ നമുക്കു നഷ്ടമായേക്കും. ഒരുപക്ഷേ വിധി വിപരീതമാണെങ്കില്‍ കശ്മിര്‍ മറ്റൊരു ഗുജറാത്തായി മാറിയേക്കും. ജയ്ഹിന്ദ് എന്ന് ഉറക്കെ വിളിച്ചു ദേശസ്‌നേഹികളായി ജനങ്ങളെ സംരക്ഷിക്കണ്ട സൈനികര്‍ തങ്ങളുടെ ദൗത്യം ദുരുപയോഗം ചെയ്തു ജനജീവിതത്തെ ദുരിതത്തിലാക്കുന്നുവെന്നത് അപലപനീയംതന്നെ.
ഇനിയെങ്കിലും മതത്തിന്റെയും സമുദായത്തിന്റെയുംപേരില്‍ കശ്മീരിനെ യുദ്ധക്കളമാക്കി മാറ്റാതെ, സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറക്കുന്ന ദേശമാക്കി മാറ്റാന്‍ ശ്രമിക്കണം. ഇതൊരു അപേക്ഷയോ യാചനയോ അല്ല. മറിച്ച്, ഒരു ജനതയുടെ അവകാശമാണ്.
മുഹമ്മദ് ആമിര്‍ ഷെഫിന്‍, കതിരൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."