പ്രവാസികളുടെ ജീവിതപങ്കാളിക്കും ഇനി സുരക്ഷ
തിരുവനന്തപുരം: പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പുനല്‍കുന്ന 2019ലെ പ്രവാസി കേരളീയരുടെ ക്ഷേമ ബില്‍, 2019ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്‌മെന്റുകള്‍ ബില്‍, 2019ലെ കേരള മുനിസിപ്പാലിറ്റി ബില്‍ എന്നിവ നിയമസഭ വോട്ടിനിട്ട് പാസാക്കി.
നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും ജീവിതാവസാനം മാസവരുമാനം ഉറപ്പാക്കുന്ന പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിച്ചത്.
പ്രവാസി മലയാളികളില്‍നിന്ന് മൂന്നുലക്ഷം രൂപ മുതല്‍ 51 ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിച്ച് അതു സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതാണ് ഈ പദ്ധതി. കിഫ്ബിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ഏജന്‍സി. പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കിഫ്ബി നല്‍കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് നിക്ഷേപകര്‍ക്ക് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് നല്‍കുന്നത്. ജീവിതപങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവര്‍ഷത്തെ ഡിവിഡന്റും നോമിനിക്കോ അനന്തരാവകാശിക്കോ കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നല്‍കുന്നത് അവസാനിക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോ നാമനിര്‍ദേശം ചെയ്യപ്പെടുന്നതോ ആയ അംഗത്തിന് രണ്ടുവര്‍ഷം കഴിഞ്ഞാലും യോഗ്യതയുണ്ടെങ്കില്‍ വീണ്ടും നാമനിര്‍ദേശം ചെയ്യുന്നതിനുള്ളതാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മദ്രാസ് ഹിന്ദുമത എന്‍ഡോവ്‌മെന്റുകള്‍ ബില്‍ അവതരിപ്പിച്ചത്. തദ്ദേശഭരണ വകുപ്പുകളുടെ ഏകീകരണത്തിന്റെ ഭാഗമായി പൊതുസര്‍വിസ് രൂപീകരിക്കുന്നതിനും കേന്ദ്രീകൃത മാലിന്യപ്ലാന്റ് സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരവും നല്‍കുന്നതാണ് കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍. മന്ത്രി എ.സി മൊയ്തീനാണ് ബില്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."