പൊലിസിന്റെ അതീവ രഹസ്യങ്ങള്‍ ഊരാളുങ്കലിന്; പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: പൊലിസിലെ ഉന്നതര്‍ക്കു മാത്രം ലഭിക്കുന്ന അതീവ രഹസ്യങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭ്യമാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരേ നിയമസഭയില്‍ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷം. ഊരാളുങ്കലിന്റെ യഥാര്‍ഥ വക്താവ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ പ്രതിപക്ഷം, എല്ലാ പ്രവൃത്തികളും ഊരാളുങ്കലിനെ ഏല്‍പ്പിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പൊലിസിന്റെ അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസില്‍ ഊരാളുങ്കലിന് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കുന്നതിന് കെ.എസ് ശബരീനാഥനാണ് അനുമതി തേടിയത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി പുതിയ പ്രൊജക്ട് ഊരാളുങ്കലിന് നല്‍കിയതിലൂടെ പൊലിസിന്റെ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍കൂടി സ്വന്തമാക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നതെന്ന് ശബരീനാഥന്‍ ആരോപിച്ചു. ഊരാളുങ്കലിന് എല്ലാ വിവരങ്ങളും നല്‍കണമെന്ന് നിര്‍ദേശിച്ച് ഡി.ജി.പി ഉത്തരവിറക്കി. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് സിസ്റ്റമാണ് രാജ്യവ്യാപകമായി ഉപയോഗിക്കുന്നത്. ഇതിന്റെ നിയന്ത്രണം ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കുമാണ്. ഇത്രയും പ്രാധാന്യമുള്ള ഡാറ്റയാണ് മുഴുവനായും ഊരാളുങ്കലിന് കൈമാറാന്‍ ഡി.ജി.പി ഉത്തരവിറക്കിയിരിക്കുന്നത്. ഒക്ടോബര്‍ 29 മുതല്‍ ഡാറ്റയിലേക്ക് ഊരാളുങ്കലിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. പൊലിസിന്റെ ഡാറ്റ ബേസിലേക്ക് സി.പി.എമ്മിന്റെ സഹോദര സ്ഥാപനമായ ഊരാളുങ്കലിന് പ്രവേശനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ഡാറ്റ കൈമാറ്റം ഉടന്‍ പിന്‍വലിക്കണമെന്നും അത് ചോര്‍ത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു.
രേഖകള്‍ ചോര്‍ന്നുപോകുമെന്ന ആശങ്കവേണ്ടെന്നും പ്രതിപക്ഷം അനാവശ്യഭീതി ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സി.സി.ടി.എന്‍.എസില്‍ ഊരാളുങ്കലിന് പ്രവേശനം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഊരാളുങ്കലിനെ സര്‍ക്കാര്‍ കൈക്കുഞ്ഞായി കൊണ്ടുപോകുന്നുവെന്ന ആരോപണം കാര്യങ്ങള്‍ മനസിലാക്കാതെയാണ്. നല്ല സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ചിലര്‍ക്ക് അസൂയ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊരാളുങ്കലിനെ നേരത്തെ അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഊരാളുങ്കലിനോട് മമത കാണിക്കുന്നത് കാര്യക്ഷമത കാരണമാണ്. ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ പദവി ഊരാളുങ്കലിന് നല്‍കിയത് ഏതു കാലത്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."