സി.പി.എമ്മിന്റെ കേരള മോഡലും തൂത്തെറിയണം: ജിഗ്നേഷ് മേവാനി
കോഴിക്കോട്: മോദിയുടെ ഗുജറാത്ത് മോഡലെന്ന പോലെ സി.പി.എമ്മിന്റെ കേരള മോഡലും തൂത്തെറിയണമെന്ന് ഗുജറാത്തിലെ ദലിത് സമരനായകന്‍ ജിഗ്നേഷ് മേവാനി. ഭൂ അധികാര സംരക്ഷണസമിതി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സംവരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിതരുടെയും ആദിവാസികളുടെയും ഭൂമി പ്രശ്‌നത്തോട് കേരളത്തിലെ സി.പി.എമ്മും മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലും ദലിതര്‍ ഭൂപ്രശ്‌നം ഉന്നയിക്കുന്നുണ്ട്. ഭൂമി അധികാര ഘടനയില്‍ മാറ്റം വരുത്തും. ജാതിയെ മനസിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ തെറ്റായ നയങ്ങളെ തൂത്തെറിഞ്ഞ് പുതിയ ഉദാര ജനാധിപത്യ പ്രസ്ഥാനം രൂപപ്പെടേണ്ടതുണ്ടെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മൂന്നുമാസം ഇതിനായി കേരളത്തില്‍ ക്യാംപ് ചെയ്യുമെന്നും മേവാനി വ്യക്തമാക്കി. കേരളത്തിലെ ആരോഗ്യരംഗം ഗുജറാത്തിനെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. എന്നാലിവിടെ നഴ്‌സുമാര്‍ക്ക് മിനിമം കൂലി പോലും ലഭിക്കുന്നില്ല. അതിനുള്ള സമരത്തെ ഇടതുപക്ഷം പിന്തുണക്കുന്നുമില്ല. ഇതു നാണക്കേടാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലടക്കം പലയിടത്തും ഭൂമി വന്‍കിടക്കാര്‍ കൈയടക്കിവച്ചിരിക്കുകയാണ്. ലീസിന്റെ കാലാവധി കഴിഞ്ഞിട്ടും കൈവശം വയ്ക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. ലൗജിഹാദും ഗോ സംരക്ഷണവുമൊക്കെ നരേന്ദ്രമോദി ഉയര്‍ത്തിക്കൊണ്ടുവരുന്നത് ജനത്തിന്റെ അടിസ്ഥാന പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണ്. രാജ്യത്തുടനീളം ദലിതുകളെ അടിച്ചമര്‍ത്തുകയാണ്. അതില്‍നിന്ന് മുഖം മറയ്ക്കാനാണ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ഈ കോവിന്ദായിരിക്കുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."