ഓഡിറ്റോറിയത്തില്‍നിന്ന് 80 പവന്‍ സ്വര്‍ണാഭരണവും 50,000 രൂപയും കവര്‍ന്ന സംഭവം:പ്രതി കോയമ്പത്തൂരില്‍ അറസ്റ്റില്‍
കോഴിക്കോട്: ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവന്‍ സ്വര്‍ണാഭരണവും 50,000 രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ കോയമ്പത്തൂരില്‍ വച്ച് പ്രതി പൊലിസിന്റെ വലയിലാവുകയായിരുന്നു. കൊടുവള്ളി കിഴക്കോത്ത് മുഹമ്മദ് കാസിമിന്റെ മകന്‍ മഹസൂസ് ഹെന്‍കോക്കാണ് (24) അറസ്റ്റിലായത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോ മോഷണം നടന്ന അന്നുതന്നെ പൊലിസിന് ലഭിച്ചിരുന്നു. വിവാഹ സല്‍ക്കാരം നടന്ന ഓഡിറ്റോറിയത്തില്‍ വച്ച് ഒരു പെണ്‍കുട്ടി എടുത്ത സെല്‍ഫിയില്‍ ഇയാളുടെ ഫോട്ടോ പതിഞ്ഞതാണ് അന്വേഷണില്‍ വഴിത്തിരിവായത്. പെണ്‍കുട്ടി ഒരാള്‍ ബാഗുമായി പുറത്തേക്കു പോകുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയിരുന്നു.
പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തില്‍ രണ്ടുദിവസം മുന്‍പ് രാത്രി 8.45 നായിരുന്നു സംഭവം. തങ്ങള്‍സ് റോഡില്‍ താമസിക്കുന്ന പൊന്നമ്പത്ത് ജിനാന്‍ എന്ന യുവതിയുടെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ അവിടെ സൂക്ഷിക്കാതെ വിവാഹം നടന്ന ഓഡിറ്റോറിയത്തിലേക്ക് ഇവ കൊണ്ടുവരികയായിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കാനായി മറ്റൊരു കസേരയിലേക്ക് മാറി ഇരുന്നപ്പോഴാണ് അജ്ഞാതന്‍ ആഭരണങ്ങളടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്. തുടര്‍ന്ന് പൊലിസ് ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളും ചടങ്ങിലെ വിഡിയോയും പരിശോധിച്ചു. ഇതില്‍നിന്ന് കറുത്ത ഷര്‍ട്ടിട്ട ഒരാള്‍ യുവതിയെ നിരന്തരം നിരീക്ഷിച്ചതായി പൊലിസ് കണ്ടെത്തി. ഇയാള്‍ ബാഗുമായി പോകുന്നത് കണ്ടതായി വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റൊരു യുവതിയും മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."