ഇന്ന് ലിവര്‍പൂള്‍ പി.എസ്.ജി ക്ലാസിക്
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ലിവര്‍പൂള്‍ പി.എസ്.ജി ക്ലാസിക് പോരാട്ടം. രാത്രി 1.30ന് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡി പ്രിന്‍സസിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന ടീമുകളാണ് ലിവര്‍പൂളും പി.എസ്.ജിയും.
നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി നാപോളിയാണ് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറു പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സഥാനത്തും അഞ്ചു പോയിന്റുമായി പി.എസ്.ജി മൂന്നാം സ്ഥാനത്തുമാണുള്ളത്.
അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ഇരുടീമുകള്‍ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായ സ്ഥിതിയാണ്. ഏറെ നാളായി പരുക്കിന്റെ പിടിയിലായിരുന്നു ബ്രസീല്‍ താരം ഡാനി ആല്‍വേസ് പി.എസ്.ജി നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിന് ആല്‍വേസ് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തെ കുറിച്ച് വ്യക്തതയുണ്ടായിട്ടില്ല.
കഴിഞ്ഞ ആഴ്ച ഉറുഗ്വെയുമായുള്ള മത്സരത്തിനിടെ പരുക്കേറ്റ ഫ്രഞ്ച് താരം കിലിയന്‍ എംപാപ്പെ പി.എസ്.ജി നിരയില്‍ ഇന്നുണ്ടാകില്ല. ഇത് ടീമിന് കനത്ത തിരിച്ചടിയാകും.
പ്രതിരോധത്തില്‍ ഡാനി തിരിച്ചെത്തുകയാണെങ്കില്‍ സില്‍വ-ആല്‍വേസ് കൂട്ടുകെട്ട് പി.എസ്.ജി പ്രതിരോധത്തെ കരുത്തുറ്റതാക്കും.
അതേ സമയം മികച്ച ഫോമിലുള്ള ലിവര്‍പൂള്‍ നിരയെ പിടിച്ചുകെട്ടാന്‍ പി.എസ്.ജി നന്നായി വിയര്‍ക്കേണ്ടി വരും. ഫിര്‍മീഞ്ഞോ, സാഡിയോ മാന, മുഹമ്മദ് സലാഹ് എന്നിവരുടെ മുന്നേറ്റത്തിന് തടയിടാനായാല്‍ പി.എസ്.ജിക്ക് ജയം സ്വന്തമാക്കാം. രാത്രി 11.25ന് നടക്കുന്ന മത്സരത്തില്‍ ലോക്കോമോട്ടീവ് മോസ്‌കോ ഗലത്‌സറെയെ നേരിടും.
ഗ്രൂപ്പ് എയില്‍ സിമിയോണിയുടെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡും മുന്‍ ഫ്രഞ്ച് താരം തിയറി ഹെന്‍ട്രി പരിശീലിപ്പിക്കുന്ന ടീമായ മൊണാക്കോയും തമ്മില്‍ കൊമ്പുകോര്‍ക്കും. ഹെന്‍ട്രി ചുമതല ഏറ്റെടുത്തതിന് ശേഷം ടീം തീര്‍ത്തും പരാജയത്തിലാണ്. അവസാനമായി നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ നാലു ഗോളിനായിരുന്നു മൊണാക്കോ പരാജയപ്പെട്ടത്.
ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ട് ക്ലബ് ബ്രഗയെ നേരിടും.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഡോര്‍ട്മുണ്ട്. മറ്റൊരു മത്സരത്തില്‍ നാപോളി റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ പി. എസ്.വി ഐന്തോവനെ നേരിടും. 10 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സ മികച്ച ആത്മവിശ്വാസത്തിലാണ്. പരുക്കിന് ശേഷം മെസ്സി തിരിച്ചെത്തിയതോടെ കരുത്തരായ ടീം ഇന്ന് ജയിക്കുമെന്ന വിശ്വാസത്തിലാണ്.
1.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോ ഷാല്‍ക്കയെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലിഷ് ക്ലബായ ടോട്ടനവും ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍മിലാനും തമ്മില്‍ ഏറ്റുമുട്ടും. പട്ടികയില്‍ ഏഴു പോയിന്റുമായി ഇന്റര്‍മിലാന്‍ രണ്ടാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."