ശശിക്കെതിരേ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കില്ല
മലപ്പുറം: പി.കെ ശശി എം.എല്‍.എക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കില്ല. ആരോപണമുന്നയിച്ച യുവതി മാധ്യമങ്ങളിലൂടെ പരാതിയുമായി രംഗത്തുവരാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്ന് കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
പരാതിക്കാരി ഇങ്ങനെ രംഗത്തെത്തിയാല്‍ കേസെടുക്കും. ഇപ്പോള്‍ ശശിക്കെതിരേ സി.പി.എം തന്നെ നടപടിയെടുത്തിട്ടുണ്ട്. തനിക്കു പാര്‍ട്ടിയിലാണ് വിശ്വാസമെന്ന് യുവതി പറഞ്ഞിട്ടുണ്ട്. അവരുടെ പരാതിയനുസരിച്ച് പാര്‍ട്ടിയില്‍ നിന്നുതന്നെ നടപടിയുണ്ടായി. അതില്‍ അവര്‍ക്ക് തൃപ്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഇത്തരം ആരോപണങ്ങളുണ്ടായാല്‍ നടപടിയെടുക്കുന്നത് സി.പി.എം മാത്രമാണ്. മറ്റു പാര്‍ട്ടികളിലൊന്നും ഇതുപോലുള്ള നടപടികള്‍ ഉണ്ടാകാറില്ല.
എല്ലാ പാര്‍ട്ടികളും ഇതുപോലെ പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചാല്‍ നിയമസംവിധാനങ്ങള്‍ക്ക് എന്തു പ്രസക്തിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കമ്മിഷന്‍ അധ്യക്ഷ മറുപടി നല്‍കി.
തൊഴിലിടങ്ങളിലെ പീഡന പരാതികള്‍ കൂടുതല്‍ വരുന്നത് വിദ്യാഭ്യാസ മേഖലയില്‍ നിന്നാണെന്ന് അവര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളാണ് പരാതികളുമായി എത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജര്‍, പ്രിന്‍സിപ്പല്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവരൊക്കെയാണ് ഇത്തരം പരാതികളില്‍ കൂടുതല്‍ ആരോപണവിധേയരാകുന്നത്. സംസ്ഥാനത്തെ അധ്യാപകരില്‍ 82 ശതമാനവും സ്ത്രീകളായതിനാലാണ് ഈ മേഖലയില്‍ നിന്ന് കൂടുതല്‍ പരാതികളുയരാന്‍ കാരണമാകുന്നത്. പത്തു വര്‍ഷം കൂടി കഴിഞ്ഞാല്‍ അധ്യാപകര്‍ നൂറു ശതമാനം സ്ത്രീകളാകുന്ന സ്ഥിതിവരും.
വിദ്യാസമ്പന്നരായ സ്ത്രീകള്‍ ഇങ്ങനെ പരാതികളുമായെത്തുന്നത് ഉപദ്രവങ്ങളെ തന്റേടത്തോടെ നേരിടാനാവാത്ത സാഹചര്യമുള്ളതിനാലാണ്. അതിജീവനത്തിന്റെ പാഠങ്ങള്‍ അവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനായി കമ്മിഷന്‍ മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."