മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വം: മുഖ്യമന്ത്രി
തിരുവനന്തപുരം: അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍റസാഖിന് നിയമസഭയുടെ അന്ത്യാഞ്ജലി. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം അബ്ദുല്‍ റസാഖിന് ചരമോപചാരം അര്‍പ്പിച്ച് പിരിഞ്ഞു. രാവിലെ ഒന്‍പതിന് സഭ തുടങ്ങിയപ്പോള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ചരമോപചാരം അവതരിപ്പിച്ചത്. അബ്ദുല്‍ റസാഖിന്റെ വിയോഗത്തിലൂടെ സാധാരണക്കാര്‍ക്കൊപ്പം നിന്ന മികച്ച പൊതുപ്രവര്‍ത്തകനെയും കഴിവുറ്റ സാമാജികനെയുമാണ് നഷ്ടമായതെന്ന് സ്പീക്കര്‍ അനുസ്മരിച്ചു.
കാസര്‍കോട് ജില്ലയുടെ വികസനപ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ അബ്ദുല്‍ റസാഖ് കാട്ടിയ താല്‍പര്യം ശ്രദ്ധേയമാണ്. ലാളിത്യമായിരുന്നു ആ വ്യക്തിത്വത്തിന്റെ ഔന്നത്യം. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിരുന്ന അദ്ദേഹം നിയമസഭയില്‍ കന്നട ഭാഷയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ജനപ്രതിനിധിയെന്ന നിലയില്‍ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളും സ്പീക്കര്‍ എടുത്തുപറഞ്ഞു. അബ്ദുല്‍റസാഖ് പൊതുപ്രവര്‍ത്തന രംഗത്ത് മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഏതു സാധാരണക്കാരനും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു അബ്ദുല്‍ റസാഖെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവായിരുന്നു അബ്ദുല്‍ റസാഖെന്നും ചെന്നിത്തല പറഞ്ഞു.
മുസ്‌ലിംലീഗിന് നികത്താന്‍ കഴിയാത്തതാണ് ഈ നഷ്ടമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. കേരളത്തിനും തീരാനഷ്ടമാണ്. പൊതുപ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു. 87 വോട്ടിന് ജയിച്ചുവെന്നറിഞ്ഞപ്പാള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. കേരളത്തിന്റെ മണ്ണില്‍ വര്‍ഗീയതയെ പരാജയപ്പെടുത്തിയതിന്റെ സന്തോഷത്തിലുണ്ടായ കണ്ണീരായിരുന്നു അത്. വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും കൊടി ഇവിടെ പാറിക്കാതിരിക്കാന്‍ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു അബ്ദുല്‍ റസാഖ്. എം.എല്‍.എയെന്ന നിലയില്‍ ലഭിക്കുന്ന ശമ്പളവും അലവന്‍സും പൂര്‍ണമായും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി മാറ്റിവച്ചിരുന്നു. കൂടാതെ സ്വന്തം ഭൂമിയില്‍ നിന്ന് രണ്ട് ഏക്കര്‍ സ്ഥലം പാവപ്പെട്ടവര്‍ക്കായി നല്‍കി ഉത്തമ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്നു അബ്ദുല്‍ റസാഖെന്നും മുനീര്‍ പറഞ്ഞു.
എല്ലാവരോടും പുഞ്ചിരിയോടെ പെരുമാറുന്ന വ്യക്തിത്വമായിരുന്നു അബ്ദുല്‍ റസാഖിന്റേതെന്ന് കെ.എം മാണി അനുസ്മരിച്ചു. രാഷ്ട്രീയ ചേരിതിരിവ് ഉള്ളപ്പോഴും എതിരാളികളോട് പ്രതിപക്ഷ ബഹുമാനം വച്ചുപുലര്‍ത്തിയ നേതാവായിരുന്നു അബ്ദുല്‍ റസാഖെന്ന് ഒ. രാജഗോപാല്‍ അനുസ്മരിച്ചു. വി.എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി.കെ നാണു, തോമസ്ചാണ്ടി, അനൂപ് ജേക്കബ്, കെ.ബി ഗണേഷ്‌കുമാര്‍, എന്‍. വിജയന്‍ പിള്ള, പി.സി ജോര്‍ജ് എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."