മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി- ശിവസേന സഖ്യസര്‍ക്കാരിനുള്ള സാധ്യത തെളിയുന്നു, മൂന്നു കക്ഷികളുടെയും സംയുക്ത യോഗം പൊതുമിനിമം പരിപാടി തയാറാക്കി
മുംബൈ: രാഷ്ട്രപതി ഭരണം നിലവിലുള്ള മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍.സി.പി- ശിവസേന സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയേറി. തെരഞ്ഞെടുപ്പിന് ശേഷം വ്യാഴാഴ്ച വെകീട്ട് ഇതാദ്യമായി മൂന്നുകക്ഷികളുടെയും മുതിര്‍ന്ന നേതാക്കള്‍ ഒന്നിച്ചിരുന്ന് പൊതുമിനിമം പരിപാടി തയാറാക്കി. പദ്ധതിയുടെ കരട് മൂന്നുപാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ക്ക് അയച്ചുവെന്ന് കക്ഷികളുടെ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു.
ഇത് മൂന്നുപാര്‍ട്ടികളുടെയും നേതാക്കള്‍ അംഗീകരിക്കുന്നതോടെ സഖ്യം യാഥാര്‍ഥ്യമാവുമെന്നും ഇതിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി അടുത്തദിവസം തന്നെ നേതാക്കള്‍ ഒരിക്കല്‍കൂടി യോഗംചേരുന്നുണ്ട്. ഇതോടൊപ്പം എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രത്യേകവും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതിനിടെ, തങ്ങള്‍ എന്‍.ഡി.എ വിടാന്‍ നിര്‍ബന്ധിതരായത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ നടപടികാരണമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്ന കാര്യവും റാവുത്ത് ചൂണ്ടിക്കാട്ടി. ഫഡ്‌നാവിസായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് പ്രചാരണസമയത്ത് മോദി പറഞ്ഞത് അംഗീകരിക്കുന്നു. പക്ഷേ, ശിവസേനയില്‍നിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും പറഞ്ഞിരുന്നു. ആ സമയത്ത് എന്തുകൊണ്ടാണ് അമിത് ഷാ എതിരഭിപ്രായം പ്രകടിപ്പിക്കാതിരുന്നത്? പൊതു തെരഞ്ഞെടുപ്പ് വേളയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും റാവത്ത് ചോദിച്ചു.
അതേസമയം, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ശിവസേന മുഖപത്രം സാംന കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി എഴുതി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് പത്രം ആരോപിച്ചു. രാാഷ്ടപതി ഭരണത്തിലൂടെ പരോക്ഷമായി അധികാരം ബി.ജെ.പിയുടെ കരങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസിന്റെത് മുതലക്കണ്ണീരാണെന്നും, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ ആശങ്ക രേഖപ്പെടുത്തിയ ഫഡ്‌നാവിസിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി പത്രം പറഞ്ഞു. ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്ന കാര്യവും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപലപിച്ചു. ചിലര്‍ കേന്ദ്രസര്‍ക്കാരിന്റെ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്റെ സംസ്ഥാനത്തും അത്തരത്തില്‍ ചില ആളുകളുണ്ടെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."