ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരും: മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ധനസഹായം മുഖ്യമന്ത്രിയോടും ധനകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ചെലവ് ചുരുക്കാതെ നിലനില്‍പ്പില്ലെന്ന അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സിയെന്നും അതിനാല്‍ കയ്‌പേറിയ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിനു മറുപടിയായി മന്ത്രി പറഞ്ഞു.
ഇപ്പോള്‍ പോകുന്നതുപോലെ മുന്നോട്ടുപോയാല്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടേണ്ടിവരും. അതിനാല്‍ ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കും. ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യേണ്ടി വരും. ചില ഡിപ്പോകളില്‍ നിന്ന് ബസുകള്‍ മറ്റു ഡിപ്പോകളിലേക്ക് മാറ്റേണ്ടിയും വരും. നിലവില്‍ നടപ്പിലാക്കിയ ചെലവുചുരുക്കല്‍ നടപടികളെല്ലാം വെള്ളത്തിലായ സ്ഥിതിയാണ്. ചെലവ് ചുരുക്കാവുന്ന മേഖലകളിലെല്ലാം അത് ചെയ്യുക മാത്രമാണ് കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ തല്‍ക്കാലം ചെയ്യാനുള്ളതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി.
ഭീകരമായ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും കെ.എസ്.ആര്‍.ടി.സി പൂര്‍ണമായും നിലയ്ക്കാന്‍ പോകുകയാണെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് എം.വിന്‍സന്റ് പറഞ്ഞു. പബ്ബുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ബസുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. എല്‍.ഡി.എഫ് പോകും എല്ലാം ശരിയാകുമെന്നതാണ് ജനങ്ങളുടെ ഇപ്പോഴത്തെ വിശ്വാസമെന്നും വിന്‍സന്റ് കൂട്ടിച്ചേര്‍ത്തു.
പരിഷ്‌കാരങ്ങള്‍ നടത്തി കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ട അവസ്ഥയിലാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. ഒരു സര്‍ക്കാരിന്റെ കാലത്തും കെ.എസ്.ആര്‍.ടി.സിക്ക് ഇത്തരത്തിലൊരു തകര്‍ച്ച നേരിടേണ്ടി വന്നിട്ടില്ല.
കെ.എസ്.ആര്‍.ടി.സി സ്വന്തം കാലില്‍ നില്‍ക്കുകയല്ല മുട്ടിലിഴയുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."