'എന്നെയൊന്നു കൊന്നുതരാന്‍ അവരോട് യാചിച്ചു...'
വാഷിങ്ടണ്‍: 'ക്രൂരമായ പീഡനം നടന്ന ഓരോ ദിവസങ്ങളിലും എന്നെയൊന്നു കൊന്നുതരാന്‍ ഞാന്‍ അവരോടു യാചിച്ചു'- ചൈനയിലെ ഉയിഗുര്‍ തടങ്കല്‍ കേന്ദ്രങ്ങളിലെ ക്രൂര പീഡനങ്ങള്‍ ദ്വിഭാഷിയുടെ സഹായത്തോടെ വാഷിങ്ടണില്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിവരിക്കുമ്പോള്‍ മിഹ്‌റിഗുല്‍ ടര്‍സൂന്‍ കരയുന്നുണ്ടായിരുന്നു.
2017ല്‍ രണ്ടാം തവണയും തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ നാലു ദിവസത്തോളം ഉറങ്ങാന്‍ പോലും അനുവദിക്കാതെ ചോദ്യം ചെയ്തു. തലമുടി മുഴുവനായും ഷേവ് ചെയ്‌തെന്നും അനാവശ്യമായ മരുന്നുകള്‍ നല്‍കി വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയെന്നും അവര്‍ പറഞ്ഞു. മൂന്നാം തവണ അറസ്റ്റ് ചെയ്തപ്പോള്‍ പീഡനങ്ങള്‍ രൂക്ഷമാക്കി. ജീവിക്കുന്നതിലും നല്ലതു മരിക്കുന്നതാണെന്നു കരുതി. കൊന്നുതരാന്‍ അവരോട് ആവശ്യപ്പെട്ടു-ടര്‍സൂന്‍ പറഞ്ഞു.
ചൈനയില്‍ ജനിച്ചുവളര്‍ന്ന ടര്‍സൂന്‍ ഇംഗ്ലീഷ് പഠിക്കാനായി ഈജിപ്തിലേക്കു പോയിരുന്നു. അവിടെനിന്നു വിവാഹിതയാകുകയും മൂന്നു കുട്ടികള്‍ ജനിക്കുകയും ചെയ്തു. സ്വന്തം കുടുംബത്തിന്റെ കൂടെ കുറച്ചുകാലം ചെലവഴിക്കാനായി 2015ല്‍ ചൈനയിലേക്കു മടങ്ങി. നാട്ടിലെത്തിയ ഉടനെ ടര്‍സൂനിനെ അറസ്റ്റ് ചെയ്തു. പിഞ്ചുകുട്ടികളെ വേര്‍പെടുത്തി. മൂന്നു മാസങ്ങള്‍ക്കു ശേഷം തടങ്കലില്‍നിന്നു മോചിതയായി. എന്നാല്‍, ഒരു കുട്ടി മരണപ്പെട്ടു, മറ്റു രണ്ടു പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ഓപറേഷനു ശേഷമാണ് അവര്‍ ആരോഗ്യനില വീണ്ടെടുത്തത്.
രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. മാസങ്ങള്‍ക്കു ശേഷം മോചിതയായി. മൂന്നാമതും അറസ്റ്റ് ചെയ്യപ്പെട്ടു. മൂന്നു മാസങ്ങള്‍ക്കു ശേഷം മോചിതയായി. ശ്വാസം മുട്ടിക്കുന്ന ചെറിയ സെല്ലില്‍ 60 സ്ത്രീകളാണ് താമസിച്ചിരുന്നത്. കാമറ സ്ഥാപിച്ചിരുന്ന ശൗചാലയമാണ് ഉപയോഗിക്കേണ്ടിവന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്ത്തുന്ന പാട്ടുകള്‍ പാടേണ്ടിവന്നു. നിര്‍ബന്ധിച്ചു മരുന്നുകള്‍ കഴിപ്പിച്ചതിനാല്‍ തലകറങ്ങി വീണു. വെളുത്ത ദ്രാവകം കഴിച്ചതിനാല്‍ ചില സ്ത്രീകള്‍ക്കു ബ്ലീഡിങ്ങുണ്ടായി. മറ്റു ചിലര്‍ക്ക് ആര്‍ത്തവം നിന്നു. മൂന്നു മാസത്തിനിടെ ഒന്‍പതു സ്ത്രീകളാണ് മരിച്ചത്. ഒരു ദിവസം രാത്രി മുറിയിലേക്കു വിളിപ്പിച്ചു. ഉയര്‍ന്ന കസേരിയില്‍ ഇരുത്തി കൈകളും കാലുകളും ബന്ധിച്ചു. ഹെല്‍മറ്റ് പോലെയുള്ള വസ്തു തലയില്‍ വച്ചു. ഓരോ തവണയും ഷോക്കടിപ്പിക്കുമ്പോള്‍ ശരീരം മുഴുവനായും വിറച്ചു. ഞരമ്പുകള്‍വരെ വേദനകള്‍ അറിഞ്ഞു. പലതും ഓര്‍മയില്ല. വായില്‍നിന്നു വെളുത്ത നുര വന്നു. ബോധം നഷ്ടപ്പെട്ടു. അധികൃതര്‍ തന്നോടു പറഞ്ഞ അവസാന വാക്ക് നീയൊരു ഉയിഗുറുകാരിയായി എന്നുള്ളതാണ് നിന്റെ കുറ്റമെന്നാണെന്നും ടര്‍സൂന്‍ പറഞ്ഞു.
തടങ്കലില്‍നിന്നു മോചിതയായപ്പോള്‍ കുട്ടികളുമായി ഈജിപ്തിലേക്കു പോയി. എന്നാല്‍, ചൈനയിലേക്കു മടങ്ങാന്‍ ഉത്തരവുണ്ടായി. തുടര്‍ന്ന്, കെയ്‌റോയില്‍നിന്ന് യു.എസുമായി ബന്ധപ്പെട്ടു. സെപ്റ്റംബറില്‍ യു.എസിലെത്തി വെര്‍ജീനിയയില്‍ താമസമാക്കിയെന്നും അവര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."