വിദ്യാര്‍ഥികള്‍ ചുമട്ടുതൊഴിലാളികളല്ല
സ്‌കൂള്‍ ബാഗുകളുടെ ഭാരം, പഠന വിഷയങ്ങള്‍ എന്നിവ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. ചുമട്ടു തൊഴിലാളികളെപ്പോലെ ചുമലില്‍ കനത്ത ഭാരവുംപേറി സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്ന കാഴ്ച ദയനീയമാണ്.
പഠന ഭാരത്തിനു പുറമെ ശാരീരിക പീഡനവുമായി മാറുകയാണിവിടെ. അതേപോലെതന്നെ പഠനവിഷയങ്ങളുടെ ഭാരവും ഏറെയാണ്. കൊച്ചുകുട്ടികളുടെ മാനസിക നിലയെക്കുറിച്ച് ബോധ്യമില്ലാത്ത പാഠ്യപദ്ധതിയാണ് അവരില്‍ അടിച്ചേല്‍പിക്കുന്നത്. ഇനി ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും മൂന്ന്, നാല് ക്ലാസുകളില്‍ കണക്കും ഭാഷയും പരിസ്ഥിതി പഠനവും മാത്രം മതിയെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
പരിസ്ഥിതി പഠനത്തിനു മൂന്നും നാലും ക്ലാസുകളില്‍ പ്രാധാന്യം കൊടുത്തത് ഇന്നത്തെ അവസ്ഥയില്‍ നല്ലതുതന്നെ. പരിസ്ഥിതി നാശം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ പരിസ്ഥിതിയെക്കുറിച്ച് കുട്ടികള്‍ക്ക് ഒരവബോധം സൃഷ്ടിക്കുവാന്‍ താഴ്ന്ന ക്ലാസുകളില്‍നിന്നുതന്നെ ഇതുസംബന്ധിച്ച പഠനം തുടങ്ങുന്നു എന്നത് അഭിനന്ദനീയമാണ്. ഇതുവഴി കുട്ടികള്‍ക്ക് കൊച്ചുപ്രായത്തില്‍തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും.
ബാഗുകളുടെ ഭാരം കുറയ്ക്കുവാന്‍ പഠനോപകരണങ്ങളും കൂടുതല്‍ പുസ്തകങ്ങളും ബാഗില്‍ കുത്തിനിറച്ച് സ്‌കൂളുകളിലേക്കു ചുമന്നു കൊണ്ടുപോകുന്നതിനു പകരം അത്തരം പാഠ്യവിഷയങ്ങള്‍ ഡിജിറ്റലാക്കി വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കിയാല്‍ പഠനഭാരവും സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരവും കുറയ്ക്കാനാകും.
25 കേന്ദ്രീയ വിദ്യാലയങ്ങളില്‍ 2016 മുതല്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഈ പദ്ധതി നടപ്പാക്കിവരുന്നുണ്ട്. ഈ പദ്ധതി സംസ്ഥാനത്തെ ഇതര സ്‌കൂളുകള്‍ക്കും പരീക്ഷിക്കാവുന്നതാണ്. പല സ്‌കൂളുകളിലും പഠനം ഇപ്പോള്‍തന്നെ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ക്ലാസ്മുറികള്‍ എല്ലാ സ്‌കൂളുകളിലും ആരംഭിക്കുന്നതോടെ പുസ്തക സഞ്ചികളുടെ ഭാരം ഗണ്യമായി കുറയ്ക്കുവാന്‍ കഴിയും. സ്‌കൂള്‍ അധികൃതരാണ് ഈ വിഷയത്തില്‍ മുന്നിട്ടിറങ്ങേണ്ടത്.
ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കു ഗൃഹപാഠങ്ങള്‍ ഒഴിവാക്കാനും സ്‌കൂള്‍ സഞ്ചികളുടെ ഭാരം കുറക്കുവാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണമെന്നാവശ്യപ്പെട്ട് 2015ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പലയിടങ്ങളിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. 2016ല്‍ ഇതു സംബന്ധിച്ച് സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അത് എത്രത്തോളം വിജയകരമായിരുന്നു എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ഇല്ല. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ ബാഗുകളുടെ ഭാരം നിശ്ചിത അളവില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സ്‌കൂള്‍ അധികൃതര്‍ക്കാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ നിര്‍ദേശം പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ ആരെങ്കിലും കോടതിയില്‍ പോയാല്‍ അതിന്റെ ശിക്ഷ ഏറ്റുവാങ്ങുവാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. ആ നിലയ്ക്ക് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും പാലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം വിദ്യാര്‍ഥികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നു നേരത്തെതന്നെ കണ്ടെത്തിയ വസ്തുതകളാണ്. അതിനു പുറമെ മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുവെന്നാണ് പുതിയ വിവരം. അമിതമായ ഭാരം ചുമലില്‍ വഹിക്കേണ്ടിവരുമ്പോള്‍ നട്ടെല്ലിനെ അതു ബാധിക്കും. ഇളം പ്രായത്തിലുള്ള കുട്ടികളുടെ നട്ടെല്ലുകള്‍ക്ക് അമിതഭാരം ചുമക്കാന്‍ കഴിയാതെവരുമ്പോള്‍ അത് കശേരുക്കളെ ബാധിക്കുകയും നട്ടെല്ലിന് ക്ഷതം ഉണ്ടാക്കുവാന്‍ കാരണമാവുകയും ചെയ്യും.
മാത്രമല്ല ഇതുവഴി മാനസികാഘാതങ്ങള്‍ കുട്ടികളില്‍ ഉണ്ടാവാന്‍ ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ കണ്ടെത്തലുകള്‍. ഇത്തരം കണ്ടെത്തലുകളെതുടര്‍ന്നാണ് രക്ഷിതാക്കള്‍തന്നെ സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയത്. പ്രധാനപ്പെട്ട പുസ്തകങ്ങള്‍ ഒഴികെയുള്ളവയെല്ലാം സ്‌കൂളുകളില്‍തന്നെ സൂക്ഷിക്കുവാന്‍ സൗകര്യമൊരുക്കുക എന്നതാണ് പുസ്തക ബാഗുകളുടെ ഭാരം കുറക്കാന്‍ രക്ഷിതാക്കള്‍ നിര്‍ദേശിക്കുന്ന ഒരു പോംവഴി. എന്നാല്‍, സ്‌കൂളുകളില്‍ സൂക്ഷിക്കുന്ന പുസ്തകങ്ങളുടെ സംരക്ഷണ ചുമതല സ്‌കൂള്‍ അധികൃതര്‍ ഏല്‍ക്കാന്‍ തയാറാവുന്നില്ല. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകേണ്ടതാണ്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ വ്യാപകമാക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. പല സ്‌കൂളുകളും ഇത്തരം ക്ലാസുമുറികള്‍ പരീക്ഷിക്കുന്നുണ്ട്. ഇത്തരം ഡിജിറ്റല്‍ ക്ലാസ് റൂമുകള്‍ വ്യാപകമാകുന്നതോടെ സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കുവാനാകും.
കേരളത്തില്‍ ഓരോ വിഷയത്തിന്റെയും പാഠപുസ്തകങ്ങള്‍ 3 ഭാഗങ്ങളായി തിരിച്ചാണ് അച്ചടി വിതരണം ചെയ്യുന്നതെന്നും ഇതുമൂലം അധികഭാരം ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ടെന്നുമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പറയുന്നത്. എന്നാല്‍, സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍ കനത്ത പുസ്തകസഞ്ചിയുംപേറി പ്രയാസപ്പെട്ടുപോകുന്നത് കാണുമ്പോള്‍ ഈ അവകാശവാദം അംഗീകരിച്ചുകൊടുക്കുവാന്‍ കഴിയില്ല. വളരുന്ന കുട്ടികള്‍ക്ക് അതിനനുസൃതമായ സാഹചര്യങ്ങളാണ് ഉണ്ടാവേണ്ടത്. പോഷകഗുണങ്ങളുള്ള ഭക്ഷണം നല്‍കുന്നതു കൊണ്ടു മാത്രം കുട്ടികള്‍ക്ക് മാനസികമായ ഉന്മേഷം കിട്ടണമെന്നില്ല.
മാനസികോല്ലാസം ലഭിക്കുമ്പോള്‍ മാത്രമേ ശാരീരികാരോഗ്യവും ഉണ്ടാകൂ. ഇതിനു വേണ്ടത് മാറുന്ന കാലത്തിനനുസരിച്ചുള്ള പാഠ്യപദ്ധതികളും അതിന് അനുഗുണമായിത്തീരേണ്ട പഠനോപകരണങ്ങളാണ്. കളിച്ചും രസിച്ചും വളരേണ്ട കുട്ടികളെ പുസ്തക കൂമ്പാരങ്ങളുടെ തടവുകാരാക്കരുത്. അവര്‍ കണ്ടും മനസ്സിലാക്കിയും വളരട്ടെ. അതിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. കനപ്പെട്ട പുസ്തക സഞ്ചികള്‍ ഒരിക്കലും കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമാവുകയില്ലെന്ന് ഇനിയെങ്കിലും പാഠ്യപദ്ധതികള്‍ തയാറാക്കുന്നവരും പുസ്തക സഞ്ചികളുടെ ഭാരം ഗൗനിക്കാത്ത സ്‌കൂള്‍ അധികൃതരും മനസ്സിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."