സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ ഇനി കടുത്ത ശിക്ഷ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഹര്‍ത്താല്‍, പ്രകടനം, ആഘോഷങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള ബില്‍ നിയമമായി. 2019ലെ കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്ലാണ് ഇന്നലെ നിയമസഭ പാസാക്കിയത്. തീ, സ്‌ഫോടകവസ്തു തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയാല്‍ കുറഞ്ഞത് അഞ്ചു വര്‍ഷം കഠിന തടവ് എന്നത് ഒരു വര്‍ഷമാക്കി കുറവ് ചെയ്തുള്ള ഭേദഗതിയോടെയാണ് ബില്‍ പാസാക്കിയത്.
കൂടിയ ശിക്ഷ പത്തു വര്‍ഷമാണ്. ജാമ്യം ലഭിക്കാത്ത കേസാകും രജിസ്റ്റര്‍ ചെയ്യുക. മുഖ്യമന്ത്രിക്ക്‌വേണ്ടി മന്ത്രി എ.കെ ബാലനാണ് ബില്‍ അവതരിപ്പിച്ചത്. ഇത്തരമൊരു നിയമം ചരിത്രപരമായ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ നിലവില്‍ നിയമമുണ്ട്. ഇതിനു സമാനമായാണ് പുതിയ നിയമം. ഇത് ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ വലിയ അംഗീകാരമാണ് പൊതുസമൂഹത്തില്‍നിന്ന് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
സ്വത്തിനു നാശനഷ്ടം വരുത്തിയ വ്യക്തിക്ക് അഞ്ചു വര്‍ഷത്തേക്ക് തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജാമ്യം ലഭിക്കാത്ത കേസാകും രജിസ്റ്റര്‍ ചെയ്യുക. സ്വത്തോ പണമോ നല്‍കി ജാമ്യാപേക്ഷ നല്‍കിയാല്‍ പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അവസരം നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ക്രിമിനല്‍ നടപടി ചട്ടപ്രകാരം അന്വേഷണം നടത്തേണ്ടതും വിചാരണ നടത്തേണ്ടതുമാണ്. കോടതി വിധിക്കുന്ന നഷ്ടപരിഹാരം ഈടാക്കാന്‍ റവന്യൂ റിക്കവറി നടപ്പാക്കാവുന്നതാണ്. ആക്രമണം നടത്തുന്നത് വീഡിയോയില്‍ പകര്‍ത്തുന്നതിന് പൊലിസിന് അധികാരം നല്‍കുന്നു.
കൂടാതെ ആഭരണ തൊഴിലാളി ക്ഷേമനിധി ബില്ലും നിയമസഭ പാസാക്കി. കേരളത്തിലെ ആഭരണ നിര്‍മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലമാക്കുകയാണ് 2019ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."