യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം
കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം കഠിന തടവും 25,000 രൂപ വീതം പഴിയും ശിക്ഷ വിധിച്ചു.
രണ്ടാം പ്രതിയുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കെയാണ് വിധി. മുണ്ടയ്ക്കല്‍ എം.ആര്‍.എ നഗര്‍ ശിശിരത്തില്‍ ശശികുമാറിന്റെ മകന്‍ ശരത് (21) കുത്തേറ്റ് മരിച്ച കേസില്‍ മുണ്ടയ്ക്കല്‍ എം.ആര്‍.എ നഗര്‍ പാലഴികം വീട്ടില്‍ ടോണി എന്നുവിളിക്കുന്ന ഇമാനുവല്‍ (27), ഓടപ്പുറം വിശ്വഭവനില്‍ അനന്തു (26), വടക്കേവിള ചായക്കടമുക്കില്‍ റോബ്‌സണ്‍ (27), മുണ്ടയ്ക്കല്‍ തുമ്പറ വയലില്‍ പുത്തന്‍ വീട്ടില്‍ ബിനു (26), ഓടപ്പുറം തിട്ടയില്‍ പടിഞ്ഞാറ്റതില്‍ പ്രിയലാല്‍ (27) എന്നിവര്‍ക്കാണ് സെക്കന്‍ഡ് അഡിഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍ സുജിത്ത് ശിക്ഷ വിധിച്ചത്.
2010 മാര്‍ച്ച് 11ന് രാത്രി ഒന്‍പതോടെ ആയായിരുന്നു കേസിനാസ്പദമായ സംഭവം. ശരത്തും സുഹൃത്തുക്കളായ വിഘ്‌നേഷ്, അനു ജോസഫ് എന്നിവര്‍ ബൈക്കില്‍ വരുമ്പോള്‍ മുണ്ടയ്ക്കല്‍ മൈത്രി മുക്കില്‍ വച്ച് ടോണിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി.
സംഘത്തില്‍ ഉള്‍പ്പെട്ട അനന്തുവിന്റെ സഹോദരിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ശരത്തിന്റെ സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനിടെ ടോണി വിദേശ നിര്‍മിത കത്തികൊണ്ട് അനുജോസഫിനെ കുത്താന്‍ ശ്രമിച്ചെങ്കിലും തടുക്കാന്‍ ശ്രമിച്ച ശരത്തിനാണ് കുത്തേറ്റത്. മൂന്നു തവണ കൂടി ടോണി കുത്തിയെന്നും രക്തം വാര്‍ന്ന് ശരത് മരിച്ചുവെന്നുമാണ് കേസ്.
പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയില്‍നിന്ന് ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ശരത്തിന്റെ കുടുംബത്തിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
ശിക്ഷിക്കപ്പെട്ട ടോണിയുടെ വിവാഹം അടുത്ത മാസം നിശ്ചയിച്ചിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ ഈസ്റ്റ് സി.ഐയായിരുന്ന എസ്. വിജയനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."