കര്‍ണാടക: 17ല്‍ 13 വിമതര്‍ക്കും ബി.ജെ.പി സീറ്റ് നല്‍കി 16 പേരും ബി.ജെ.പി അംഗത്വം എടുത്തു
ബംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട 17 കോണ്‍ഗ്രസ് - ജെ.ഡി.എസ് എം.എല്‍.എമാരില്‍ 13 പേര്‍ക്കും ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ബി.ജെ.പി ടിക്കറ്റ് നല്‍കി. മഹേഷ് കുമത്തള്ളി, ശ്രിമന്തഗൗഡ പാട്ടീല്‍, രമേശ് ജരകിഹൊളി, ശിവരാം ഹെബ്ബാര്‍, ബി.സി പാട്ടീല്‍, അനന്ദ് സിങ്, കെ.സുധാകര്‍, ഭൈരതി ഭസവരാജ്, എസ്.ടി സോമശേഖര്‍, കെ.ഗോപാലയ്യ, എം.ടി.ബി നാഗരാജ്, കെ.സി നാരായണഗൗഡ, എച്ച്.വി വിശ്വനാഥ് എന്നിവര്‍ക്കാണ് ബി.ജെ.പി ഇന്നലെ ടിക്കറ്റ് നല്‍കിയത്.
17 പേരെയും അയോഗ്യരാക്കിയ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ ജൂലൈയിലെ തീരുമാനം ബുധനാഴ്ച സുപ്രിംകോടതി ശരിവച്ചിരുന്നു. അയോഗ്യരാക്കപ്പെട്ടെങ്കിലും ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മല്‍സരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ച വിമതരെ മല്‍സരിപ്പിച്ച് കൂടെ നിര്‍ത്താന്‍ പാര്‍ട്ടി ആലോചിച്ചത്. അഴിമതിക്കേസ് നേരിടുന്ന കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബേഗ് മാത്രമാണ് ഇന്നലെ ബി.ജെ.പിയില്‍ അംഗത്വം എടുക്കാതിരുന്നത്.
സുപ്രിംകോടതി വിധി പുറത്തുവന്നതിന് പിന്നാലെ തന്നെ എല്ലാവര്‍ക്കും ബി.ജെ.പി അംഗത്വം നല്‍കുമെന്നും അവരെ മല്‍സരിപ്പിക്കുമെന്നും യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം ഇന്നലെ ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ വിമതര്‍ക്ക് ബി.ജെ.പി അംഗത്വം നല്‍കി. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് തന്ന ഉറപ്പ് പാലിക്കുന്നുവെന്നും നിങ്ങളുടെ കൂടെ നില്‍ക്കുന്നുവെന്നും ചടങ്ങില്‍ യെദ്യൂരപ്പ പറഞ്ഞു.കൂറുമാറ്റത്തെത്തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ടതിനാല്‍ ഒഴിവുവന്ന സീറ്റുകളിലേക്ക് അടുത്തമാസം അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇവര്‍ കൂറുമാറിയതോടെയാണ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാര്‍ നിലംപതിച്ചത്. കൂറുമാറിയവരില്‍ 14 പേര്‍ കോണ്‍ഗ്രസ് നേതാക്കളും മൂന്നുപേര്‍ ജെ.ഡി.എസ് നേതാക്കളുമായിരുന്നു.
ഉപതെരഞ്ഞെടുപ്പ് ഫലം യെദ്യൂരപ്പ സര്‍ക്കാരിന് നിര്‍ണായകമാണ്. 224 അംഗ കര്‍ണാടക നിയമസഭയില്‍ നിലവില്‍ 106 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 15ല്‍ ആറു സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രമെ യെദ്യൂരപ്പക്ക് മുഖ്യമന്ത്രി പദത്തില്‍ തുടരാനാവൂ. ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യത്തിന് 101 അംഗബലവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."