റാഫേല്‍: രാഹുല്‍ മാപ്പുപറയണം- ബി.ജെ.പി; സന്തോഷം അനവസരത്തിലുള്ളത്- കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശുദ്ധിപത്രം നല്‍കിയ സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മാപ്പുപറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തുവന്നു. എന്നാല്‍, ഉത്തരവില്‍ ബി.ജെ.പിക്ക് സന്തോഷിക്കാന്‍ വകുപ്പില്ലെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
മോദിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാഹുല്‍ രാജ്യത്തോട് മാപ്പുപറയണമെന്നും കോടതിയോട് മാപ്പുപറഞ്ഞതു കൊണ്ടുമാത്രമായില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിങ്ങള്‍ സ്വയരക്ഷയ്ക്കു വേണ്ടിയാണ് സുപ്രിംകോടതിയോട് മാപ്പപേക്ഷിച്ചത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ മുന്നില്‍ നിങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയോട് ക്ഷമ ചോദിക്കാന്‍ തയാറുണ്ടോ? റാഫേല്‍ കേസില്‍ രാഹുല്‍ഗാന്ധി നടത്തിയ ഇടപെടല്‍ സംശയാസ്പദമാണ്. രാഹുലിന് പിന്നിലുള്ള ശക്തി ആരാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണമെന്നും രവിശങ്കര്‍പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
റാഫേല്‍ കേസില്‍ മോദിക്ക് ശുദ്ധിപത്രം ലഭിച്ചതിലൂടെ അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും സത്യസന്ധതയും സുതാര്യതയും ഒരിക്കല്‍ കൂടി തെളിഞ്ഞതായി ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായും പറഞ്ഞു. റാഫേല്‍ ഇടപാടില്‍ നുണ പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നലത്തെ കോടതിവിധിയെന്നും അമിത്ഷാ പറഞ്ഞു.
എന്നാല്‍, സുപ്രിംകോടതി ഉത്തരവ് ബി.ജെ.പിക്ക് അനുകൂലമല്ലെന്നും ബി.ജെ.പിയുടെ സന്തോഷപ്രകടനം അനവസരത്തിലുള്ളതാണെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. കോടതിവിധിയുടെ വിശദാംശങ്ങളിലേക്ക് കടക്കാതെ ബി.ജെ.പി അനാവശ്യമായി ആഘോഷിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. റാഫേല്‍ ഇടപാടിലേക്ക് അന്വേഷണത്തിന് അവസരം ഒരുക്കുന്ന വിധത്തിലാണ് സുപ്രിംകോടതിയുടെ വിധി. വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് വഴിതുറന്നിട്ടിരിക്കുകയാണ് കോടതിയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കേസ് അന്വേഷിക്കാമെന്ന ഉത്തരവിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ സുര്‍ജേവാല, ഇതുസംബന്ധിച്ച് അന്വേഷണത്തിന് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണോയെന്നും ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."