പനിച്ചൂടില്‍ വിറച്ച് മലയോരം
മുക്കം: സര്‍ക്കാറിന്റേയും വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയുമടക്കം ആഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യപകമായി നടക്കുമ്പോഴും മലയോര മേഖലയില്‍ പനിച്ചൂടിന് കുറവില്ല.
മുക്കത്ത് ഇന്നലെ മഞ്ഞപ്പിത്തം ബാധിച്ച് മധ്യ വയസ്‌കന്‍ മരണപ്പെട്ടിരുന്നു. മഴ കുറവായിട്ടും പകര്‍ച്ചപ്പനി ബാധിച്ചെത്തുന്ന രോഗികളുടെ വര്‍ദ്ധനവ് ആരോഗ്യ പ്രവര്‍ത്തകരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മലയോര മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം തന്നെ പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മുക്കം നഗരസഭയില്‍ ഇതുവരേ ഏകദേശം മുപ്പതോളം പേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പതിനാലോളം കേസുകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 12 രോഗികളില്‍ ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതില്‍ ഏഴെണ്ണം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നഗരസഭയിലെ ആലിന്‍തറ സ്വദേശിയില്‍ എച്ച് വണ്‍. എന്‍ വണ്‍ പനിയും പൂളപ്പൊയില്‍ സ്വദേശിയില്‍ എലിപ്പനിയും കണ്ടെത്തിയിട്ടുണ്ട്.
കാരശ്ശേരി പഞ്ചായത്തില്‍ ഇതുവരേ 30 ഓളം പേരെ ഡെങ്കി സംശയത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതില്‍ പത്തോളം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ മാസം കണ്ടെത്തിയ എട്ട് ഡെങ്കിപ്പനി കേസുകളില്‍ 3 എണ്ണം സ്ഥിരീകരിച്ചു. പഞ്ചായത്തില്‍ അഞ്ച് പേരില്‍ മഞ്ഞപ്പിത്തവും ഒരു മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊടിയത്തൂര്‍ പഞ്ചായത്തില്‍ ഈ വര്‍ഷം ഇതുവരേ പതിനാറോളം പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം മൂന്നു പേരിലാണ് പഞ്ചായത്തില്‍ ഡെങ്കിപ്പനി കണ്ടെത്തിയത്. കഴിഞ്ഞ മാസം തോട്ടുമുക്കത്ത് ഡെങ്കിപ്പനിയെ തുടര്‍ന്ന് ഒരു കുഞ്ഞ് മരിച്ചിരുന്നു. ഒരു മലേറിയയും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓമശ്ശേരി പഞ്ചായത്തില്‍ ഈ മാസം ഡെങ്കിപ്പനിയടക്കമുള്ള അപകടകരമായ പകര്‍ച്ചപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മലയോര മേഖലയില്‍ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ നിലച്ചു
മുക്കം: മലയോര മേഖലയില്‍ പകര്‍ച്ചപ്പനി ശമനമില്ലാതെ പടരുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിലച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. പകര്‍ച്ചപ്പനി ആശങ്കാജനകമായി പടരുന്നതിനെതിരേ സംസ്ഥാന തലത്തില്‍ തന്നെ വ്യാപകമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനാസ്ഥ കാണിക്കുന്നത്.
മലയോര പ്രദേശങ്ങളിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ആഭിമുഖ്യത്തില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിപാടാണെന്ന ആക്ഷേപവും ശക്തമാണ്. കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് ആരോഗ്യ വകുപ്പും അധികൃതരും അവകാശപ്പെടുമ്പോഴും മേഖലയില്‍ പകര്‍ച്ചപ്പനിക്ക് കുറവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."