മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി
മുക്കം: ജനവാസ മേഖലയില്‍ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി.
തോട്ടുമുക്കത്തിനടുത്ത് ചുണ്ടത്തും പൊയിലില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാലിന്യം തള്ളാന്‍ രാത്രി 12 മണിയോടെ 2 വാഹനങ്ങള്‍ എത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ മുക്കം പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി.
എന്നാല്‍ വാഹനം വിട്ടു നല്‍കാന്‍ ശ്രമം നടന്നതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതോടെ വാക്കുതര്‍ക്കമാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വാഹനം കസ്റ്റഡിയില്‍ എടുക്കാമെന്ന ഉറപ്പിലാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. സ്വകാര്യ വ്യക്തി ഒരു ലോഡ് മാലിന്യം തന്റെ പറമ്പില്‍ വലിയ കുഴിയെടുത്ത് മൂടുന്നതിനായി 2000 രൂപയാണ് വാങ്ങുന്നത്.
ഇയാളുടെ വീടുമായി സ്ഥലത്തിന് ഏറെ ദൂരമുള്ളതിനാല്‍ ദുരിതം മുഴുവന്‍ പ്രദേശവാസികള്‍ക്കാണ്. ഇവിടെ പകര്‍ച്ചവ്യാധികളും മറ്റു രോഗങ്ങളും വ്യാപകമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേ സമയം സ്ഥിരം മാലിന്യം തള്ളാനെത്തുന്നവര്‍ തന്നെയാണ് ഇത്തവണയും പിടിയിലായത്. മലയോര മേഖലയില്‍ താമരശേരി, ഓമശേരി, തിരുവമ്പാടി, മുക്കം, പന്നിക്കോട്, കൊടിയത്തൂര്‍, നെല്ലിക്കാപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ മാംസ കടകളില്‍ നിന്ന് വലിയ തുകക്ക് മാലിന്യം കൊണ്ട് പോവാന്‍ കരാറെടുക്കുന്നവരാണിവര്‍. ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യം രാത്രി ആളുകള്‍ ഉറങ്ങിയതിന് ശേഷം ഇത്തരം സ്ഥലങ്ങളില്‍ തള്ളുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."