മെഡിക്കല്‍ കോളജില്‍ അനധികൃത നിയമനം;യൂനിയന്‍ നേതാക്കളുടെ സ്വന്തക്കാര്‍ക്ക് മുന്തിയ പരിഗണന
ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസിലും വികസന സമിതിയിലും അനധികൃത നിയമനമെന്ന് പരാതി. ഭരണകക്ഷി യൂനിയന്‍ നേതാക്കളുടെ ഭാര്യമാര്‍ക്കും നേതാക്കളുടെ അടുപ്പക്കാര്‍ക്കും ആശുപത്രിയില്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്. നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് മുഖേന മാത്രമേ നടത്താവൂ എന്ന ഹൈക്കോടതി വിധിയെ മറികടന്നാണ് നേതാക്കളുടെ ഭാര്യമാരെ നിയമിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ് യൂനിയന്‍ നേതാക്കളായ ഏഴോളം പേരുടെ ഭാര്യമാരാണ് അനധികൃത നിയമനങ്ങളിലൂടെ വിവിധയിടങ്ങളില്‍ ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. തൂപ്പുജോലി എന്ന് പറഞ്ഞാണു നിയമനം നല്‍കിയതെങ്കിലും ഇവരുടെ ഭര്‍ത്താക്കന്മാരുടെ സ്വാധീനത്തിനു വഴങ്ങി പിന്നീട് ഇവര്‍ക്ക് പ്രധാന പോസ്റ്റുകളിലേക്ക് ഓര്‍ഡര്‍ അടിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നിയമനം ലഭിച്ച ഭരണകക്ഷി യൂനിയന്‍ സംസ്ഥാന കമ്മിറ്റി മെംബറുടെ ഭാര്യ സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ കാര്‍ഡിയോളജി വിഭാഗത്തിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ എക്കോ യൂനിറ്റിലാണിപ്പോള്‍ ജോലി ചെയ്യുന്നത്. മൂന്ന് പേര്‍ മാതൃശിശു കേന്ദ്രത്തിലാണുള്ളത്. ഒരാള്‍ താമരശ്ശേരി ഗവ. ആശുപത്രിയിലും മറ്റൊരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും ജോലിചെയ്യുന്നു. ആശുപത്രിയിലെ മുന്‍ ലേ സെക്രട്ടറിയുടെ അടുപ്പക്കാരി ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. കെ.എച്ച്.ആര്‍.ഡബ്ല്യു.എസിലെ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് വഴി നടപ്പാക്കണമെന്ന ഉത്തരവു നിലവിലുണ്ട്. ഇതു ലംഘിച്ച് അഭിമുഖം നടത്താനൊരുങ്ങിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. എംപ്ലോയിമെന്റ് മുഖേന മാത്രമേ നിയമനങ്ങള്‍ നടത്തൂവെന്ന് അധികൃതര്‍ എഴുതിനല്‍കിയതിനു ശേഷമാണ് അന്നു സമരക്കാര്‍ പിരിഞ്ഞു പോയത്. ഈ ഉറപ്പിനും കോടതിവിധിക്കും പുല്ലുവില കല്‍പ്പിച്ചാണ് ഇവിടെ നിയമനങ്ങള്‍ നടക്കുന്നത്. മൂന്നു മാസത്തേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലാണു നിയമനമെന്നാണ് അധികൃതരുടെ ഭാഷ്യമെങ്കിലും മൂന്നു മാസത്തിന് ശേഷവും നേതാക്കളുടെ ഭാര്യമാരെ പിരിച്ചുവിടാനോ ഒഴിവുകള്‍ എംപ്ലോയ്‌മെന്റിനു റിപ്പോര്‍ട്ട് ചെയ്യാനോ ഇവര്‍ തയാറാകുന്നില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വികസനസമിതി ജീവനക്കാരെ നിയമിക്കുന്നതിലും യൂനിയന്‍ നേതാക്കളുടെ ഇടപെടല്‍ ശക്തമാണ്. ആറുമാസം മുന്‍പ് ആര്‍.എസ്.ബി.വൈയിലേക്ക് ദിവസക്കൂലിക്കാരെ ക്ഷണിച്ചുകൊണ്ട് പത്രപരസ്യം നല്‍കിയിരുന്നു. പത്താം ക്ലാസ് പാസായവര്‍ മാത്രം അഭിമുഖത്തിനു എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഇക്കാര്യമറിയാതെ അഭിമുഖത്തിനെത്തിയ യോഗ്യതയില്ലാത്ത നൂറുകണക്കിനു യുവതീ യുവാക്കളാണ് അന്നു തിരിച്ചുപോയത്. എന്നാല്‍ അഭിമുഖത്തിനു ശേഷം യോഗ്യതയില്ലാത്ത ആളുകളെ തിരുകിക്കയറ്റിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കാത്ത, പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത യുവതിയെ ജെ.എല്‍.എ തസ്തികയില്‍ നിയമിച്ചത് വിവാദമായിട്ടുണ്ട്. അഭിമുഖത്തിന് നേതൃത്വം നല്‍കിയ ചേളന്നൂര്‍ സ്വദേശിയായ വികസനസമിതി മാനേജരുമായി അടുത്ത ബന്ധമുണ്ട് എന്നതാണ് യുവതിയുടെ യോഗ്യത. കുട്ടികളുടെ ഓപറേഷന്‍ തിയറ്ററില്‍ ക്ലീനിങ് ജോലി ചെയ്തിരുന്ന യുവതിയെയാണ് യോഗ്യത മറികടന്ന് നിയമിച്ചത്. മരുന്നുകള്‍ കൈകാര്യം ചെയ്യുകയും രക്ത പരിശോധനകള്‍ എഴുതിനല്‍കുകയും ചെയ്യേണ്ട ജെ.എല്‍.എ തസ്തികയില്‍ യോഗ്യതയില്ലാത്ത ആളെ നിയമിച്ചത് ഗുരുതരമായ ഭവിഷ്യത്തിന് കാരണമാകുമെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ഇത്തരം നിരവധി അനധികൃത നിയമങ്ങളാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്നതെന്ന് ആക്ഷേപമുയരുന്നു.
ആശുപത്രിയിലെ നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."