റിയാസ് മൗലവി വധം: വിചാരണ ഡിസം. മൂന്നിന് പുനരാരംഭിക്കും
കാസര്‍കോട്: പഴയചൂരിയിലെ മദ്‌റസാ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ മുഹമ്മദ് റിയാസ് മൗലവിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ മൂന്നിനു പുനരാരംഭിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ജഡ്ജി മനോഹര്‍ കിണി അവധിയില്‍ പോയതിനെ തുടര്‍ന്നു വിചാരണ ഇടയ്ക്കു നിര്‍ത്തിയിരുന്നു.ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിനു സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ജില്ലാ കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ഹൈക്കോടതിയിലാണ് ഇതു സംബന്ധിച്ച് റിയാസ് മൗലവിയുടെ ഭാര്യ ഹരജി നല്‍കിയിരുന്നതെങ്കിലും തീരുമാനം ജില്ലാ കോടതിക്കു വിടുകയായിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും ജില്ലാ കോടതിയും തള്ളുകയും ചെയ്തിരുന്നു.
കേസിലെ ചില പ്രധാന സാക്ഷികളെ മാത്രമാണ് ഇതുവരെയായി വിസ്തരിച്ചത്. ഭൂരിഭാഗം സാക്ഷികളെയും ഇനിയും വിസ്തരിക്കാനുണ്ട്. യു.എ.പി.എ ഹരജിയില്‍ വിധി പറയുന്നതിനായി റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ കോടതി നിര്‍ത്തിവച്ചിരുന്നു. ഹരജിയിലെ തീരുമാനം ജില്ലാ കോടതിക്ക് വിട്ടതോടെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. പള്ളിമുറിയില്‍ അതിക്രമിച്ചുകടന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്കു ജാമ്യം ലഭിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."