കലോത്സവത്തിന് തിരശീല വീണു മത്സരങ്ങള്‍ തീരാതെ അവസാന ദിനം; ചാത്തന്നൂരും വെളിയവും മുന്നില്‍
കൊല്ലം: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനത്തില്‍ ചാത്തന്നൂരും വെളിയവും മുന്നില്‍.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 103 മത്സരങ്ങളില്‍ 98 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 316 പോയിന്റോടെയാണ് ചാത്തന്നൂര്‍ മുന്നേറുന്നത്.
313 പോയിന്റോടെ കൊട്ടാരക്കര തൊട്ട് പിന്നിലുണ്ട്. 303 പോയിന്റ് നേടിയ കരുനാഗപ്പള്ളിയാണ് മൂന്നാം സ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തിലെ 94 മത്സരങ്ങളില്‍ 88 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോള്‍ 267 പോയിന്റോടെ വെളിയം ഉപജില്ലയാണ് മുന്നില്‍. 255 പോയന്റ് നേടിയ കരുനാഗപ്പള്ളിയും 251 പോയിന്റ് നേടിയ ചാത്തന്നൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.സംസ്‌കൃതോത്സത്തില്‍ 87 പോിയന്റോടെ ചാത്തന്നൂര്‍ ഉപജില്ല ജേതാക്കളായി. 75 പോയിന്റ് നേടിയ വെളിയം രണ്ടാം സ്ഥാനവും 74 പോയന്റ് നേടിയ കുണ്ടറ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അറബിക് കലോത്സവത്തില്‍ 95 പോയിന്റ് നേടിയ കരുനാഗപ്പള്ളി ഉപജില്ല ജേതാക്കളായി.
89 പോയിന്റ് നേടിയ ചാത്തന്നൂര്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ 86 പോയിന്റ് നേടിയ കൊല്ലം, ചവറ ഉപജില്ലകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. രാത്രി വൈകിയും മത്സരങ്ങള്‍ പുരോഗമിക്കുയാണ്.
അറബി മോണോആക്ടില്‍ ആറാമതും മൗണ്ട് താബൂര്‍
കൊല്ലം: അറബി മോണാആക്ടില്‍ ആറാമതും വിജയക്കൊടി പാറിച്ച് പത്തനാപുരം മൗണ്ട് താബൂര്‍ ഹൈസ്‌കൂള്‍ ഒന്നാമതെത്തി. അറബി ഗാനത്തിലും മൗണ്ട് താബൂര്‍ ഒന്നാം സ്ഥാനം നേടി.കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തെ ആസ്പദമാക്കി മോണോആക്ട് അവതരിപ്പിച്ച ഐഷ നിസാമാണ് സ്‌കൂളിന്റെ പാരമ്പര്യം ഇത്തവണ കാത്തത്. സദസിനെ ഏരെ രസിപ്പിച്ച പ്രകടനമാണ് ഐഷ നിസാം കാഴ്ചവച്ചത്.സ്‌കൂളിലെ അറബി അധ്യാപകനായ ഇല്യാസ് ഇബ്രാഹിമാണ് ഐഷ നിസാമിന്റെ പരിശീലകന്‍.
പത്തനാപുരം ഇടത്തറ ഒറ്റപ്പാല വിളയില്‍ വീട്ടില്‍ എസ് നിസാമുദ്ദീന്റെയും അനീഷാ നിസാമിന്റെയും മകളാണ് ഒന്‍പതാം ക്ലാസുകാരിയായ ഐഷ നിസാം.
അറബി ഗാനത്തിലും സ്‌കൂളിലെ വിദ്യാര്‍ഥിയായ നെസിയ ഒന്നാം സ്ഥാനം നേടി. കുന്നിക്കോട് മരുതിക്കല്‍ വീട്ടില്‍ സലീം ഷെമീല ബീവി ദമ്പതികളുടെ മകളാണ് എട്ടാം ക്ലാസുകാരിയായ റസിയ.
പരിചമുട്ട്: വേദി കൈയേറി വിദ്യാര്‍ഥികളുടെ വീരസ്യ പ്രതിഷേധം
കൊല്ലം: ഹയര്‍ സെക്കന്‍ഡറി വിഭാഗം പരിചമുട്ടുകളിയുടെ ഫല പ്രഖ്യാപനത്തെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ച് വേദി കൈയ്യേറി. ആകെ മൂന്ന് ടീമുകളാണ് ഉണ്ടായിരുന്നത്.അതില്‍ മൂന്നാം സ്ഥാനത്തെത്തിയ കുഴിമതിക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് പ്രതിഷേധിച്ചത്. പിന്നീട് ഡി.ഡി.എത്തി അപ്പീലിനുള്ള സാധ്യത ഉപയോഗിക്കുക മാത്രമാണ് പരിഹാരം എന്ന് നിര്‍ദ്ദേശിച്ചു. അര മണിക്കൂര്‍ നേരത്തെ തര്‍ക്കത്തിന് ഒടുവില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു. പരിചമുട്ട് വേദിയില്‍ ടൈല്‍ പാകിയിരുന്നതിനാല്‍ കുട്ടികള്‍ കളിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡി.ഡി. എത്തി ടാര്‍ പാളിന്‍ വിരിച്ച് വേദി സജ്ജമാക്കി. രണ്ടര മണിക്കൂര്‍ വൈകിയാണ് മല്‍സരം ആരംഭിച്ചത്. പരിചമുട്ടുകളിയില്‍ അടവുകള്‍ കുറേ കൂടി ഉള്‍പ്പെടുത്തന്നത് നന്നായിരിക്കുമെന്ന് മത്സര ശേഷം വിധി കര്‍ത്താക്കന്‍ പറഞ്ഞു. പരിചമുട്ടുകളി എച്ച്.എസ്. വിഭാഗത്തില്‍ തൃവിലഴികം ലിറ്റില്‍ ഫ്‌ലവര്‍ എച്ച്.എസ്. ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗം പരിചമുട്ടില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.
പിതാവിന്റെ ശിക്ഷണത്തില്‍ മനുവിന് വിജയതിളക്കം
കൊല്ലം: പിതാവിന്റെ ശിക്ഷണത്തില്‍ ട്രിപ്പിള്‍ ജാസ് അഭ്യസിച്ച വെട്ടിക്കവല ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആര്‍ മനു ഒന്നാം സ്ഥാനം നേടി.
പത്തോളം വാദ്യ ഉപകരണങ്ങള്‍ ഒരേ സമയം ചടുലമായ വേഗതയില്‍ വായിച്ചാണ് മനു ഒന്നാം സ്ഥാനത്തെത്തിയത്.കലാഭവനില്‍ നിന്നും പഠിച്ചതാളങ്ങള്‍ പിതാവ് മകനിലേക്ക് പകര്‍ന്നു കൊടുക്കുകയായിരുന്നു.
ഏഴു വയസുമുതല്‍ മനു ട്രിപ്പിള്‍ ജാസ് അഭ്യസിക്കുന്നുണ്ട്. ഗാനമേളകളിലും വിവിധ ഫെസ്റ്റുകളിലും പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.
അവധി ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ വീതം സ്ഥിരമായി പരിശിലനം നടത്തിയതിനാലാണ് മനുവിന് ഒന്നാം സ്ഥാനത്തെത്താനായത്. തലവൂര്‍ കുര പെരിഞ്ചളളൂര്‍ വീട്ടില്‍ വ്യാപാരിയായ രമേശിന്റെയും കരുനാഗപ്പള്ളി ഓപ്പണ്‍ സ്‌കൂള്‍ അധ്യാപികയായ താരാഭായിയുടെയും ഏകമകനാണ്.
വ്യത്യസ്ഥ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളുമായി സഹോദരങ്ങള്‍
കൊല്ലം: ഹൈസ്‌കൂള്‍ വിഭാഗം വയലിനില്‍(പൗരസ്ത്യം) ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തില്‍ രണ്ടാം സ്ഥാനവും പങ്കിട്ട് സഹോദരങ്ങള്‍.ഹൈസ്‌കൂള്‍ വിഭാഗം വയലിനില്‍(പൗരസ്ത്യം) അഭയ് ബിജു ഒന്നാമതെത്തിയപ്പോള്‍
ശാസ്ത്രീയ സംഗീതത്തില്‍ സഹോദരി ആര്‍ദ്രയ്ക്ക് രണ്ടാം സ്ഥാനമുണ്ട്. വി എസ് ബൈജുവിന്റേയും ഹിമ ബൈജുവിന്റേയും മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."