കഴക്കൂട്ടം ബൈപ്പാസില്‍ യൂറോപ്യന്‍ മാതൃകയിലുള്ള മേല്‍പാലങ്ങളുടെ നിര്‍മാണം തുടങ്ങി
കോവളം: കടന്നുപോകുന്ന പ്രദേശങ്ങളെ രണ്ടായി തിരിച്ച് നാലുവരി പാതയായി നിര്‍മാണം പുരോഗമിക്കുന്ന കോവളം കഴക്കൂട്ടം ബൈപ്പാസില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ യൂറോപ്പ്യന്‍ മാതൃകയിലുള്ള മേല്‍പ്പാലങ്ങളുടെ നിര്‍മാണം തുടങ്ങി.
അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള വാഹനങ്ങളുടെ ബാഹുല്യംകാരണം ഏറെ ഗതാഗത തിരക്കനുഭവപ്പെടുന്ന കോവളം കഴക്കൂട്ടം ബൈപാസില്‍ ഒന്‍പത് മേല്‍പാലങ്ങളാണ് ഒരുങ്ങുന്നത്.
ബൈപാസ് നാലുവരിയാക്കിയതോടെ റോഡിനിരുവശവുമുള്ളയാളുകള്‍ക്ക് റോഡ് മുറിച്ചു കടക്കുക എന്നത് ഏറെ അപകടകരമായി മാറിയിരുന്നു കോവളം ജങ്ഷന്‍, വാഴമുട്ടം, തിരുവല്ലം, കുമരിച്ചന്ത, പരുത്തിക്കുഴി, കല്ലുമൂട് ,ഈഞ്ചക്കല്‍, ചാക്ക ,ഇന്‍ഫോസിസ്, എം.ജി.എം സ്‌കൂളിന് മുന്‍വശം എന്നിവിടങ്ങളില്‍ തിരക്കേറിയ റോഡ് മുറിച്ചു കടക്കാന്‍ പൊതുജനവും വിദ്യാര്‍ഥികളും വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.
ഇതില്‍ ചിലസ്ഥലങ്ങളില്‍ സിഗ്‌നല്‍ സംവിധാനം വരുന്നതിനാല്‍ ഇവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഇത് കൂടാതെ ബൈപാസിന് സമീപത്തെ മറ്റ് ചില സ്ഥലങ്ങളിലെ സ്‌കൂളുകള്‍ക്ക് മുന്നിലും പ്രധാന ജങ്ഷനുകളിലും കാല്‍നടയാത്രക്കാര്‍ക്ക് മേല്‍പ്പാലങ്ങള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ഈ ആവശ്യം നാഷനല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ചതോടെ കാല്‍നടയാത്രക്കാരെ വല്ലാതെ വലക്കുകയും ഭീതിയിലാക്കുകയും ചെയ്തിരുന്ന റോഡ് മുറിച്ച് കടക്കല്‍ എന്ന കടമ്പക്കാണ് പരിഹാരമാകുന്നത്.
ആക്കുളം എം.ജി.എം സ്‌കൂള്‍, ലുലു മാള്‍, അമ്പലത്തറ കൊര്‍ദോവ സ്‌കൂള്‍, തിരുവല്ലം, വാഴമുട്ടം, കോവളം ജങ്ഷന്‍, ആഴാകുളം,ചിറയില്‍, വിഴിഞ്ഞം എസ്.എഫ്.എസ് സ്‌കൂള്‍ന്നിവിടങ്ങളിലാണ് കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലങ്ങള്‍ വരുന്നത്.
വലിയ ചരക്കു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായതിനാല്‍ 20 അടി ഉയരത്തില്‍ അഞ്ച് അടി വീതിയിലായി 45 പടികളുള്ള നടപ്പാത മേല്‍പ്പാലങ്ങളാണ് ഉയരുന്നത്.സിഗ്‌നലുള്ള സ്ഥലങ്ങളില്‍ പോലും ചിലര്‍ കാത്തു നില്‍ക്കാതെ റോഡ് മുറിച്ചു കടക്കുന്നതും , റോഡ് മുറിച്ചു കടക്കുവാന്‍ അനുവദിക്കപ്പെടുന്ന സമയത്തു സിഗ്‌നല്‍ തെറ്റിച്ചു പാഞ്ഞു വരുന്ന വാഹനങ്ങളും കാല്‍നട യാത്രക്കാരുടെ ജീവന് തന്നെ പലപ്പോഴും ഭീഷണിയാകാറുണ്ട്. കാല്‍ നടയാത്രക്കാര്‍ക്ക് വാഹനങ്ങള്‍ ഇടിക്കുമെന്ന ഭയം കൂടാതെ തിരക്കേറിയ റോഡ് മുറിച്ചു കടക്കുകയും അതുവഴി അപകടങ്ങള്‍ വലിയൊരു പരിധി വരെ ഒഴിവാക്കുകയും ചെയ്യാന്‍ കഴിയുന്ന ഇത്തരം നടപ്പാത മേല്‍പ്പാലങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും മാത്രമല്ല, ഇന്ത്യന്‍ മെട്രോ സിറ്റികളിലും ഇപ്പോള്‍ വ്യാപകമാണ്.
ആളുകള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ സാധിക്കുന്നതോടൊപ്പം ഇത്തരം മേല്‍പ്പാലങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന വൈദ്യുത ദീപാലങ്കാരങ്ങളും ചെറു പൂന്തോട്ടങ്ങളും അക്വേറിയങ്ങളുമെല്ലാം ബൈപാസിന്റെ ഭംഗി വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.
പാലത്തില്‍ കാമറകളും , ഫയര്‍ അലാം, സെകുരിറ്റി ഉള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ സുരക്ഷ ക്രമീകരണങ്ങളും ആവിഷ്‌ക്കരിക്കാനും പദ്ധതിയുണ്ട്.
ബൈപ്പാസില്‍ നടപ്പാത മേല്‍പ്പാലങ്ങള്‍ ഉയരുന്നതോടെ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്കും കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അഞ്ച് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നാഷനല്‍ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയരക്ടര്‍ ആര്‍.വെങ്കിടകൃഷ്ണന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."