സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുന്നതിന് മൂന്നുമാസത്തെ സാവകാശം
കാക്കനാട്: ഇടത്തരം യാത്രാ, ചരക്ക് വാഹനങ്ങളില്‍കൂടി സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് നടപ്പാക്കുന്നതിന് മൂന്നുമാസത്തെ സാവകാശം അനുവദിച്ചു.
സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുന്നതില്‍ വാഹന ഉടമകള്‍ക്ക് സാവകാശം നല്‍കാന്‍ കേന്ദ്ര മോട്ടോര്‍വാഹന വകുപ്പാണ് നിര്‍ദേശം നല്‍കിയത്. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു (എല്‍.എം.വി) കൂടി സ്പീഡ് ഗവേണറുകള്‍ നിര്‍ബന്ധമാക്കിയ സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെ സര്‍ക്കുലര്‍ ഇക്കഴിഞ്ഞ ജൂലൈ 31 മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തില്‍വന്നത്.
എല്‍.എം.വി വാഹനങ്ങള്‍ക്ക് സ്പീഡ് ഗവേണറുകള്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടി ഉത്തരവുണ്ടെന്നുപറഞ്ഞ് മോട്ടോര്‍വാഹന വകുപ്പ് ധൃതിപിടിച്ച് ഉത്തരവിറക്കുകയായിരുന്നു. ഉത്തരവ് പ്രാബല്യത്തില്‍വന്നവിവരം അറിയാതെ വാഹനങ്ങളുമായി ഫിറ്റ്‌നസിനെത്തിയ നിരവധി വാഹന ഉടമകളാണ് കഴിഞ്ഞദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്താനാവാതെ തിരിച്ചുപോയത്.
എട്ട് സീറ്റുകള്‍ക്ക് മുകളിലുള്ള എല്ലാ ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലും ഇടത്തരം ചരക്കുവാഹനങ്ങളിലുമാണ് സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കിയിരുന്നത്. നേരത്തെ യാത്രാവാഹനങ്ങളായ ടെംപോ ഉള്‍പ്പെടെയുള്ള എല്‍.എം.വി വാഹനങ്ങള്‍ക്ക് സ്പീഡ് ഗവേണര്‍ നിര്‍ബന്ധമായിരുന്നില്ല.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന (ഓട്ടോറിക്ഷ ഒഴികെ) വാഹനങ്ങള്‍ക്കും രാസപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെ കയറ്റുന്ന ഇടത്തരം ടാങ്കര്‍ ലേറികള്‍ക്കും വാഹനവകുപ്പിന്റെ സര്‍ക്കുലര്‍ അനുസരിച്ച് സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണം. നേരത്തെ ടിപ്പറുകളും ബസുകളും ടാങ്കറുകളും ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കുമാത്രമായിരുന്നു സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."