എം.എന്‍ പ്രചോദനം ഉണര്‍ത്തുന്ന നേതൃത്വം: ഡി. ബാബുപോള്‍
കൊല്ലം: പ്രചോദനം ഉണര്‍ത്തുന്ന നേതൃത്വമായിരുന്നു എം.എന്‍ ഗോവിന്ദന്‍ നായരുടേതെന്ന് മുന്‍ അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ പറഞ്ഞു. എം.എന്‍ അനുസ്മരണ പ്രഭാഷണം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തുകയായിരുന്നു അദ്ദേഹം. ലക്ഷംവീട് പോലെയുള്ള പദ്ധതികള്‍ നടപ്പാക്കി വിജയിപ്പിക്കാന്‍ കഴിഞ്ഞത് ഇതിന്റെ ഉദാഹരണമാണ്.
സാമൂഹ്യവിപ്ലവമായി മാറിയ ലക്ഷംവീട് പദ്ധതിയിലും ഇടുക്കി പദ്ധതിയിലും കലക്ടറെന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് തന്റെ ജന്മസുകൃതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ മൂല്യബോധം തന്നില്‍ ഉറപ്പിച്ചത് തന്റെ മാതാപിതാക്കളും പിന്നെ എം.എന്നുമാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭയം കൊണ്ട് സഹപ്രവര്‍ത്തകരെ പണിയെടുപ്പിക്കുന്നതിനു പകരം തന്റെ നന്മയില്‍ വിശ്വസിച്ച് ആത്മാര്‍ഥമായി പണിയെടുക്കുമ്പോഴാണ് ഒരു നല്ല ഭരണാധികാരിയായി വിജയിക്കുന്നതെന്ന് അവര്‍ തന്നെ പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം കണ്ട ഏറ്റവും വലിയ മഹാനായ മനുഷ്യനായിരുന്നു എം.എന്‍. ഒരേസമയം അദ്ദേഹം മാതൃകയും വെല്ലുവിളിയുമായിരുന്നുവെന്നും ബാബുപോള്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യവിജയത്തില്‍ ഇതുപോലെയുള്ള ഭരണാധികാരികളാണ് ഉണ്ടാകേണ്ടത്. പൊലിസിന്റെയും ഭരണാധികാരികളുടെയും വേട്ടയ്ക്ക് ഇരയാകുന്ന ഏറ്റവും ആപല്‍ക്കരമായ കാലഘട്ടത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി ഒരുതലമുറയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
അടിസ്ഥാനമൂല്യങ്ങള്‍ മറക്കാതെ നയിച്ച എം.എന്നിന്റെയും ടി.വിയുടെയും ആര്‍. സുഗതന്റെയും പി.എസ് ശ്രീനിവാസന്റെയും പാര്‍ട്ടിയായ സി.പി.ഐക്ക് രാഷ്ട്രീയരംഗത്ത് കൂടുതല്‍ ചുമതലകളുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 57ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറച്ചുവിശ്വസിച്ച ഒരേയൊരു കമ്മ്യൂണിസ്റ്റ് നേതാവ് അദ്ദേഹമായിരുന്നു.
ആദ്യത്തെ മുഖ്യമന്ത്രിയാകാന്‍ എ.കെ.ജിയെയാണ് എം.എന്‍ സമീപിച്ചത്. എന്നാല്‍ അദ്ദേഹം അതിനു തയാറാകാതെ വന്നപ്പോഴാണ് ഇ.എം.എസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിക്കുന്നത്.
മലബാര്‍ കൂടി കേരളത്തിന്റെ ഭാഗമായതോടെ അധികാരം ലഭിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനു മന്നത്ത് പത്മനാഭനുമായി പോലും നേരിട്ട് സംസാരിച്ചുവെന്ന് എം.എന്‍ തന്നോട് പറഞ്ഞതായി ബാബു പോള്‍ അറിയിച്ചു.
ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. ആര്‍. രാജേന്ദ്രന്‍, ജി. ലാലു, ആര്‍. വിജയകുമാര്‍, കെ. ശിവശങ്കരപിള്ള പങ്കെടുത്തു.ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."