പെണ്‍കുട്ടിയെ കാണാതായ സംഭവം: ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു
മീനങ്ങാടി: മീനങ്ങാടി പൊലിസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിനെട്ടുകാരിയെ കാണാതായ സംഭവത്തില്‍ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. ജൂലൈ 26ന് ഹര്‍ജി പരിഗണിച്ച കോടതി കേസ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റിവച്ചു.
മീനാക്ഷി എന്ന പെണ്‍കുട്ടിയെയാണ് ജൂണ്‍ ആറിന് കാണാതായത്. ഇതേസമയം തന്നെ കൊളഗപ്പാറ വട്ടത്തിമൂല പുളിക്കല്‍ അസമിലി(20)നെയും കാണാതായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മീനങ്ങാടി പൊലീസ് അന്വേഷണം നടത്തിവരികയാണ്. മീനാക്ഷി അസമിലിനൊപ്പം പോയതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.
കേരളത്തിലും അന്യസംസ്ഥാനങ്ങളിലും അന്വേഷിച്ചിട്ടും ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇതിനു മുന്‍പും മീനാക്ഷിയെയും അസമിലിനെയും കാണാതായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് മീനാക്ഷിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു. ഈ സമയം മീനാക്ഷി അസമിലിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ അസമിലിന് വിവാഹ പ്രായമെത്തിയിട്ടില്ലെന്ന് കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിയമനടപടിക്കൊരുങ്ങിയതോടെയാണ് ഇരുവരെയും വീണ്ടും കാണാതായത്. രണ്ടുപേരെക്കുറിച്ചും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മീനങ്ങാടി പൊലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്.ഐ അറിയിച്ചു. ഫോണ്‍: 9497980815, 04936247204, 9497935158.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."