നീതി ലഭിക്കുംവരെ സഭയ്‌ക്കെതിരേ സമരം ചെയ്യും: മേരി സെബാസ്റ്റ്യന്‍
കോട്ടയം: കേരളത്തില്‍ കൂടുതല്‍ അഭയമാര്‍ ഉണ്ടാകാതിരിക്കാന്‍ നീതിലഭിക്കും വരെ സഭയ്‌ക്കെതിരേ സമരം ചെയ്യുമെന്ന് സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍. കോണ്‍വെന്റില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സിസ്റ്റര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സഭയ്ക്കുള്ളിലെ മാനസിക ശാരീരിക പീഡനത്തിനെതിരേ സിസ്റ്റര്‍ രംഗത്തെത്തിയത്. സഭയ്ക്കുവേണ്ടി തന്നെ വേട്ടയാടുന്ന പൊലിസിന്റെ രീതി തുടര്‍ന്നാല്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ചേര്‍പ്പുങ്കല്‍ നസ്രത്തുഭവന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയും പാലാ രൂപതയുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയുമായ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ സി.എം.ഐ ആണ് മേലധികാരികളുടെ പീഡനത്തിനെതിരേ പരസ്യമായി രംഗത്തുവന്നത്.
സഭയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന പൊലിസും മറ്റ് ഉദ്യോഗസ്ഥരും തനിക്ക് നീതി നിഷേധിക്കുകയാണ്.
വന്‍ അഴിമതികള്‍ സഭയില്‍ നടക്കുമ്പോഴും അവയ്‌ക്കെതിരേ പ്രതികരിച്ചതാണ് സിസ്റ്റര്‍ മേരി സെബാസ്റ്റ്യനെ സഭാ അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ പ്രധാന കാരണം. പീഡനം സഹിക്കാനാവാതെ സഭ വിടാനൊരുങ്ങുന്ന കന്യാസ്ത്രീക്കെതിരേ ഇതിനോടകം തന്നെ കള്ളക്കേസും വധഭീഷണിയുമുണ്ടായി.
സഭയ്ക്കു വേണ്ടി പൊലിസും തന്നെ നിരന്തരം അപമാനിക്കുകയാണെന്ന് സിസ്റ്റര്‍ വ്യക്തമാക്കി. കന്യാസ്ത്രീ ജീവിതം ഇഷ്ടമല്ലെങ്കില്‍ പിന്നെന്തിനാടീ നീ ഇങ്ങോട്ടു വന്നതെന്നായിരുന്നു പാലാ എസ്.ഐയുടെ ചോദ്യം.
സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് നിയമാനുസരണം വ്രതമോചനത്തിന് അനുമതി നേടിയെങ്കിലും മഠത്തില്‍നിന്നുള്ള പീഡനം തുടരുകയാണെന്നും കാനന്‍ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ സഭ കൂട്ടാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും മേരി സെബാസ്റ്റ്യന്‍ പരാതി നല്‍കിയിട്ടുണ്ട്.
സഭയുടെ ഉടമസ്ഥതയില്‍ അന്തിനാടുള്ള സ്‌പെഷല്‍ സ്‌കൂളിലെ അഴിമതികളുള്‍പ്പെടെ മഠങ്ങളുടെ അകത്തളത്തിലെ അനീതികള്‍ക്കെതിരേ പ്രതികരിച്ചതാണ് എം.എസ്. ഡബ്ല്യു ബിരുദധാരിയായ കന്യാസ്ത്രീ വേട്ടയാടപ്പെടാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."