കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രം പൂട്ടാന്‍ അനുവദിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഒരുതരത്തിലും അനുവദിക്കാനാകില്ലെന്നു കെ.സി വേണുഗോപാല്‍ എം.പി. കാര്‍ഷിക മേഖലയായ ആലപ്പുഴയിലെ നാളികേര ഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കായംകുളം മേഖല കേന്ദ്രം അടച്ച് പൂട്ടാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കില്ല ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാമോഹന്‍ സിങ്ങിനും പ്രധാനമന്ത്രിക്കും കത്ത് നല്‍കി. നാളെ ഡല്‍ഹിയില്‍ ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. കായംകുളത്തിനൊപ്പം കര്‍ണ്ണാടകയിലെ ഒരു കേന്ദ്രം കൂടി പൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാണെന്നും ഇവിടെ നടന്നു വരുന്ന കാര്‍ഷിക ഗവേഷണങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത് സംസ്ഥാനത്തോടുള്ള ക്രൂരതയാണെന്നും എം.പി. പറഞ്ഞു.കേരളത്തിലെയും, കര്‍ണാടകത്തിലെയും മേഖലാ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടുമ്പോള്‍ ആന്ധ്രയില്‍ പുതിയ കേന്ദ്രം തുറക്കാനുള്ള തീരുമാനം തന്നെ വിവേചപരവും അനീതിയുമാനെന്ന് എം.പി.പറഞ്ഞു. സിപി സി ആര്‍ ഐ കളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാനും മേഖല കേന്ദ്രം അടച്ച് പൂട്ടാനുമുള്ള നീക്കം കഴിഞ്ഞ ഒക്ടോബറില്‍ തന്നെ എടുത്തിരുന്നു എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതെന്നും ഇത് ആസൂത്രിതമാണെന്നും എം.പി. പറഞ്ഞു. ജില്ലയിലെ ഏക കൃഷി വിജ്ഞാന കേന്ദ്രവും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ ഈഅടച്ചുപൂട്ടല്‍ നീക്കത്തിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കൃഷി വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയതായി വേണുഗോപാല്‍ അറിയിച്ചു. സ്വാതന്ത്ര്യ ലബ്ധിക്ക് മുന്‍പ് കായംകുളം കേന്ദ്രമാക്കി 1937 ല്‍ ആരംഭിച്ച ജില്ലയുടെ അഭിമാന സ്ഥാപനമായ നാളികേര ഗവേഷണ കേന്ദ്രത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും എം.പി. പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."