വിദ്യാര്‍ഥികളുടെ കഴിവ് കണ്ടെത്തുന്നവരാവണം അധ്യാപകര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: വിദ്യാര്‍ഥികളുടെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നരാവണം അധ്യാപകരെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാത്തൂര്‍ സി.എഫ്.ഡി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. സംസ്ഥാന സര്‍ക്കാരിന്റേയും ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുകള്‍ മാതൃകാപരമാണ്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്ന പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗം മികച്ച നേട്ടമാണ് കഴിഞ്ഞ അധ്യായന വര്‍ഷം കൈവരിച്ചത്. കലാ-കായിരകമേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ എതിരില്ലാത്തവരായാണ് മത്സരങ്ങളില്‍ വിജയം കൈവരിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിലുള്ള തെരഞ്ഞെടുത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് വിദ്യാഭ്യാസ സംഗമം നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ, വിജയശ്രീ പദ്ധതികളും ആര്‍.എം.എസ്.എ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും സംയോജിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യവും അക്കാദമിക് നിലവാരവും മെച്ചപ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ സംഗമം നടത്തിയത്. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പുഷ്പദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത മണികണ്ഠന്‍, സുജാത, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."