ആനുകാലികം ഏകാഭിനയം
മലപ്പുറം: ആനുകാലിക വിഷയത്തിലൂന്നി ഏകാഭിനയ മത്സരം. അവതരണ ശൈലിയില്‍ ഓരോരുത്തരും മികവ് പുലര്‍ത്തി. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഏകാഭിനയം വിഷയ ദാരിദ്ര്യം നേരിട്ടത് പോലെയായി. പരമാവധി കാലിക വിഷയങ്ങളും പ്രാധാന്യമുള്ള സംഭവങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതായിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരം. പ്രളയത്തില്‍ എല്ലാം ഒലിച്ചുപോയിട്ടും നാം ജീവിത സത്യങ്ങള്‍ പഠിക്കാതെ പോയതിനെപ്പറ്റി ഓര്‍മിപ്പിച്ച ഏകാഭിനയവേദി കാലിക പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതായി.
പരിസ്ഥിതി നാശത്തിന്റെ നെല്ലിപ്പലക കണ്ടപ്പോള്‍ പ്രകൃതി സംഹാരരൗദ്രയായി ഒഴുകിയിട്ടും നമ്മള്‍ ഒന്നും പഠിച്ചിട്ടില്ലെന്ന് കലാകാരന്‍മാര്‍ ഓര്‍മിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ നിരവധിപേര്‍ ഇതേ പ്രമേയവുമായി അരങ്ങിലെത്തി.
പെണ്‍കുട്ടികളുടെ മത്സരത്തില്‍ പെണ്‍ശക്തിയുടെ ശബ്ദമാണ് കൂടുതല്‍ മുഴങ്ങിയത്. കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയ ബിഷപ്പും വേദിയിലെ വിഷയമായി. ശബരിമല സ്ത്രീ പ്രവേശം, സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍, കന്യാസ്ത്രീസമരം, അട്ടപ്പാടിയിലെ മധുവിന്റെ മരണം, ഐ.എസ്.ആര്‍.ഒ ചാരക്കേസ്,കൊലപാതക രാഷ്ട്രീയം എന്നിവയൊക്കെ വിഷയങ്ങളായി.
സാറാ ജോസഫിന്റെ മുടിതെയ്യം ഉറയുമ്പോള്‍, ഒ.വി. വിജയന്റെ കടല്‍തീരത്ത്, പ്രമുഖ കഥാകൃത്തുകളുടെ കഥകളുടെ ദൃശ്യാവിഷ്‌കാരങ്ങളുമുണ്ടായി. ജാതിവിവേചനത്തിന്റെ പൊള്ളുന്നകാലം ഓര്‍മിപ്പിച്ചും കുടിവെള്ളപ്രശ്‌നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചും ഏറെപ്പേരെത്തി.
ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ് സ്‌കൂളിലെ ബി.എസ് അരവിന്ദ് ഒന്നാം സ്ഥാനം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ പുറത്തൂര്‍ ജി.എച്ച്.എസ് സ്‌കൂളിലെ ആര്‍. നദ ഫാതിമ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.
ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ വണ്ടൂര്‍ വി.എം.സി.എച്ച്.എസ്.എസിലെ എസ്. ശ്രീജീവ് ഒന്നാം സ്ഥാനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."