എലിപ്പെട്ടി മികച്ച നാടകം; മുനീസ് നടന്‍
മലപ്പുറം: സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ പൊതു വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാല്‍ വജ്രജൂബിലി പിന്നിട്ട കേരളത്തില്‍ പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാണ്. എന്നിട്ടും എന്തേ പൊതുവിദ്യാഭ്യാസത്തിന് വളര്‍ച്ചയില്ലാത്തത്?. കാരണം മറ്റൊന്നുമല്ല, മതവും സമുദായവും തിരിച്ചുള്ള സ്‌കൂളുകള്‍ നമ്മള്‍ കാത്തു സൂക്ഷിച്ചു പോന്ന സൗഹൃദവലയം തകര്‍ത്തതാണ് പ്രശ്‌നം.
ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ മികവ് നേടിയ എലിപ്പെട്ടി ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. മലപ്പുറം സെന്റ് ജെമ്മാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിളിച്ചോതുന്ന നാടകവുമായി വേദി കൈയടക്കിയത്.
സര്‍ക്കാര്‍ വിദ്യാലയങ്ങളെ കൈയൊഴിഞ്ഞ് സ്വകാര്യ മേഖലയിലേക്ക് കൂടുമാറിയതോടെ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വന്നു സൗഹൃദങ്ങളുടെ വിലയിടിഞ്ഞു എന്നതാണ് നാടകത്തിന്റെ ഉള്ളടക്കം. ശകുന്തള എന്ന വീട്ടമ്മയുടെ അന്തേവാസികളായ കോഴി, എലി, പാമ്പ്, മുള്ളന്‍ പന്നി എന്നിവരില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ഒരുമിച്ച് പഠിച്ചിരുന്ന മുള്ളന്‍പന്നി മുള്ളന്‍കാട് സ്‌കൂളിലേക്ക് മാറിപ്പോകുന്നതോടെ വെറുപ്പും വിദ്വേഷവും വളരാന്‍ തുടങ്ങി. പന്നികളോട് മാത്രം കൂട്ടുകൂടിയ മുള്ളന്‍ പന്നി സുഹൃത്തുക്കളായിരുന്ന കോഴി, എലി, പാമ്പ് എന്നിവരെ ഒറ്റിക്കൊടുക്കുന്നതായിരുന്നു രംഗം. ഓരോ വിഭാഗത്തിനും പ്രത്യേകം സ്‌കൂള്‍ എന്നതിന് പകരം എല്ലാവരും പഠിക്കുന്ന സ്‌കൂളാണ് പുതിയ കാലത്തിന് ആവശ്യം എന്ന സന്ദേശമാണ് നാടകത്തിലൂടെ വിദ്യാര്‍ഥികള്‍ കൈമാറുന്നത്.
അഫ അഫ്‌സല്‍, ശിഫ, അലീന, ഹര്‍ശ, അരുണ്‍, ആദിത്യന്‍, ശിബിന്‍ രാജ്, മിന്‍ഹ, ദര്‍ശിത്ത് ബാബു, മുഹമ്മദ് സിനാന്‍ എന്നിവരാണ് വേഷമിട്ടത്. ശിവദാസ് പൊയില്‍ക്കാവാണ് നാടകത്തിന്റെ രചയിതാവ്. ഏട്ടപ്പൊല്ലാപ്പ് എന്ന നാടകം അവതരിപ്പിച്ച പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളിലെ സി. മുനീസ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."