കലാരവത്തിന് ഇന്ന് കൊടിയിറക്കം; കുതിപ്പോടെ മഞ്ചേരിയും മലപ്പുറവും
മലപ്പുറം: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ മികച്ച പോയിന്റുകളുമായി ഉപജില്ലകളുടെ ആധിപത്യത്തിനായുള്ള പോരാട്ടം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മഞ്ചേരിയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലപ്പുറവുമാണ് രണ്ടാം ദിനത്തില്‍ മുന്നേറുന്നത്. മേളക്കു ഇന്നു കൊടിയിറക്കം.
ഹൈസ്‌കൂള്‍ വിഭാഗം ആധിപത്യത്തിനായുള്ള കുതിപ്പില്‍ ആദ്യ മൂന്നുസ്ഥാനക്കാര്‍ക്കിടയില്‍ വ്യത്യാസം നാമമാത്ര പോയിന്റുകള്‍. കൊണ്ടോട്ടിയെ പിന്തള്ളി 178 പോയന്റോടെയാണ് മഞ്ചേരി ഉപജില്ലാ രണ്ടാം ദിനത്തില്‍ മുന്നിലെത്തിയത്.
കൊണ്ടോട്ടി ഉപജില്ലക്കു 165 ഉം കുറ്റിപ്പുറത്തിനു 163 ഉം പോയന്റുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലപ്പുറം ഉപജില്ല 233 പോയന്റുമായാണ് ആധിപത്യം തുടരുന്നത്.
201 പോയിന്റ് നേടി കൊണ്ടോട്ടി ഉപജില്ല രണ്ടാം സ്ഥാനത്തും 200 പോയന്റ് നേടി എടപ്പാള്‍ മൂന്നാംസ്ഥാനത്തും തുടരുന്നു. അറബി കലോത്സവത്തില്‍ 51 പോയന്റുമായി നിലമ്പൂര്‍, കൊണ്ടോട്ടി ഉപജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്. സംസ്‌കൃത കലോത്സവത്തില്‍ 83 പോയന്റോടെ കൊണ്ടോട്ടിയാണ് മുന്നില്‍.
കാണികള്‍ എത്തിയപ്പോള്‍ ഇല്ലാത്തത് ഇരിപ്പിടം
മലപ്പുറം: മേളയുടെ ആദ്യദിനത്തില്‍ ആവശ്യത്തിനു കാണികളില്ലെന്ന പരാതി ഒരുപരിധി വരേ മാറിയിരുന്നു ഇന്നലെ. ഒന്നാം ദിനത്തില്‍ ഇരിപ്പിടം കാലിയായപ്പോള്‍ ഇന്നലെ പ്രായമായവരും കുട്ടികളുമുള്‍പ്പടെ ഇരിപ്പിടമില്ലാതെ വലഞ്ഞു.
എല്ലാ വേദിയുടെ മുന്നിലും കുറഞ്ഞ എണ്ണം കസേരകള്‍ മാത്രമാണ് ഒരുക്കിയിരുന്നത്.
ചെലവ് ചുരുക്കലിനു ഭാഗമായി മിക്ക വേദികളും ഹാളുകളാണ് തെരഞ്ഞെടുത്തെതെങ്കിലും താല്‍ക്കാലികമായി ഒരുക്കിയ വേദികളില്‍ പന്തലൊരുക്കിയിരുന്നു.
മത്സരങ്ങളില്‍ സംസ്ഥാന യോഗ്യത നേടിയവരും മീഡിയ റൂമിലെത്താന്‍ കുഴങ്ങി.
കിലോമീറ്ററുകളുടെ അകലമുള്ള വേദിയില്‍ നിന്നും മത്സര ഫല പ്രഖ്യാപനം അറിഞ്ഞയുടനെ കോട്ടപ്പടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മീഡിയ റൂമിലെത്താന്‍ മത്സരാര്‍ത്ഥികള്‍ സാഹസപ്പെട്ടു.
ദഫ്മുട്ടില്‍ കൊട്ടുക്കര തന്നെ
മലപ്പുറം: കാണികളുടെ മനംകവര്‍ന്ന ദഫ്മുട്ട് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ആധിപത്യം. രിഫാഈ മദ്ഹ് കീര്‍ത്തനത്തിലെ 'അയുദ് രികൂനീ... എന്ന ബൈത്ത് അവതരിപ്പിച്ചാണ് കെ.കെ അജ്‌സലും സംഘവും ഒന്നാമതായത്. നിലവിലേതടക്കം നാലുതവണ സംസ്ഥാനജേതാക്കളാണ് കൊട്ടുക്കര സ്‌കൂള്‍ ടീം.
ഇതു ഒന്‍പതാം തവണയാണ് ജില്ലയില്‍ ആധിപത്യം തുടരുന്നത്. കോയ കാപ്പാടാണ് പരിശീലകന്‍. അപ്പീലുള്‍പ്പെടെ 21 ടീമാണ് ഇത്തവണ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ട് മത്സരത്തിനെത്തിയത്.
ഇശല്‍ തേന്മഴ പെയ്തിറങ്ങി; കുളിരണിയിച്ച് മാപ്പിളപ്പാട്ട് മത്സരം
മലപ്പുറം: പെയ്തിറങ്ങിയ ഓരോ ഇശലുകളും ആസ്വാദകരില്‍ കുളിരണിയിച്ചു ജില്ലാ സ്‌കൂള്‍ കലോത്സവം. ചിട്ടയൊത്ത വരികളില്‍ ഇസ്‌ലാമിക ചരിത്രവും ഖിസ്സപ്പാട്ട് ഇശലുകളും ഒന്നിനൊന്നു മികച്ച അവതരണമായതോടെ വിധികര്‍ത്താക്കളെ പോലും മത്സരാര്‍ഥികള്‍ മുള്‍മുനയില്‍ നിര്‍ത്തി. മിക്ക മത്സരാര്‍ഥികളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതായിരുന്നു മാപ്പിളപ്പാട്ട് മത്സര വേദി.
ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തില്‍ കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി കെ.കെ ഷനിന്‍ ഒന്നാം സ്ഥാനം നേടി. ഒ.എം കുരുവാരകുണ്ട് രചിച്ച ഇബ്രാഹീം അദ്ഹം ഖിസ്സയിലെ 'അജബെന്തെന്തജബാനെ...' എന്ന ഗാനമാണ് ഷനിന്‍ ആലപിച്ചത്. മറവഞ്ചേരി സ്വദേശി സലാമാണ് പിതാവ്. നസ്‌റിന്‍ മാതാവ്. മദ്‌റസയിലും സ്‌കൂളിലും ഇസ്‌ലാമിക വേദികളിലും മാപ്പിളപ്പാട്ട് ആലപിച്ചു മികച്ച പ്രകടനം നടത്തിയ ഷനിന്‍ ജില്ലാ കലോത്സവത്തില്‍ കഴിഞ്ഞ വര്‍ഷം എഗ്രേഡ് നേടിയിരുന്നു. ഹനീഫ മുടിക്കോട് ഈണമിട്ട് പരിശീലിപ്പിച്ച ഗാനം ഓശാകള്‍ ഇശലിലാണ് ചിട്ടപ്പെടുത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ മലപ്പുറം സെന്റ്‌ജെമ്മാസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി എ. ആഷ്‌നക്കാണ് ഒന്നാം സ്ഥാനം. ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യസ്മരണയായ അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രം പറയുന്ന 'വള്ളാഹി കഥയത് പൊരുളുടെ...' എന്ന ഗാനമാണ് ആഷ്‌ന ആലപിച്ചത്. 'യണ്ടാരെ പുതുക്കചാട്ട് നീട്ട്' ഇശലില്‍ ഫൈസല്‍ കന്മനം രചിച്ച് മുനീര്‍ പള്ളിക്കലാണ് ചിട്ടപ്പെടുത്തിയത്.
മഞ്ചേരി മുള്ളമ്പാറ കോണിക്കല്ല് അമ്മിയാട്ട് ബാലസുബ്രഹ്മണ്യന്റേയും ബിന്ദുവിന്റെയും മകളാണ്.
ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ തുവ്വൂര്‍ ജി.എച്ച്.എസ്.എസില്‍ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി മുഹമ്മദ് ഷാന്‍വര്‍ ഒന്നാമനായി. ഹംസ നരേക്കോവ് രചിച്ച മക്കംഫതഹിലെ 'ബഹുതാലംതാന..' എന്ന് തുടങ്ങുന്ന ഗാനമാണ് അവതരിപ്പിച്ചത്. റിയാലിറ്റി ഷോ താരമായ ഷാന്‍വര്‍ തുവ്വൂര്‍ മാഞ്ചേരി യൂസുഫ് -ബുഷ്‌റ ദമ്പതികളുടെ മകനാണ്. ഹനീഫ മുടിക്കോടാണ് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."