കാഞ്ഞങ്ങാട്ട് ഓട്ടോറിക്ഷകള്‍ക്കും സീബ്രാലൈന്‍!
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷകള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സീബ്രാലൈന്‍! കാഞ്ഞങ്ങാട് നഗരത്തിലാണ് ലോകത്തെവിടെയും കാണാത്ത ഈ വിചിത്ര സംവിധാനം.
കെ.എസ്.ടി.പി നേതൃത്വത്തില്‍ പാതയില്‍ നവീകരണ ജോലി പൂര്‍ത്തിയായപ്പോഴാണു കാല്‍നട യാത്രക്കാരുടെ ജീവനു പുല്ലുവില പോലും കല്‍പ്പിക്കാത്ത സംവിധാനം തയാറാകുന്നത്. ആളുകള്‍ക്കു പാത മുറിച്ചുകടക്കാനായാണ് ട്രാഫിക് നിയമപ്രകാരം സീബ്രാലൈന്‍ സ്ഥാപിക്കുന്നത്. സീബ്രാലൈനിലൂടെ ആളുകള്‍ പാതയ്ക്കു കുറുകെ സഞ്ചരിക്കുന്നതു കണ്ടാല്‍ ലൈനിനു പുറത്തായി വാഹനം നിര്‍ത്തണമെന്നാണു ചട്ടം. ഇതു ലംഘിക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്താല്‍ വാഹനമോടിക്കുന്നയാള്‍ക്കു കടുത്ത ശിക്ഷയും വകുപ്പിലുണ്ട്. എന്നാല്‍ കാഞ്ഞങ്ങാട്ട് ഇതൊന്നും ബാധകമല്ലെന്നു മാത്രമല്ല ട്രാഫിക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ കണ്‍മുന്നിലൂടെയാണ് ആളുകളുടെ ജീവനു പുല്ലുവിലപോലും കല്‍പ്പിക്കാതെ ഓട്ടോറിക്ഷകള്‍ ഒരുപാതയില്‍നിന്നു മറുകണ്ടം ചാടുന്നത്. ഇതു കാല്‍നടയാത്രക്കാരുടെ ജീവനു വന്‍ ഭീഷണിയായിരിക്കുകയാണ്.
യാതൊരു ആസൂത്രണവുമില്ലാതെയാണ് കെ.എസ്.ടി.പി അധികൃതര്‍ നഗരത്തില്‍ പാത നവീകരണവും അനുബന്ധ ജോലികളും നടത്തിയത്. ഇതേതുടര്‍ന്ന് നഗരത്തെ രണ്ടായി വിഭജിച്ച അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. കരാറുകാര്‍ പാതയ്ക്കു നടുവിലെ ഡിവൈഡറില്‍ ഇരുമ്പുവേലി സ്ഥാപിച്ച് സീബ്രാലൈന്‍ വരച്ചുവച്ചത് ഏറെ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു. സീബ്രാലൈനിലൂടെ സഞ്ചരിച്ചു പാതയ്ക്കു മധ്യത്തിലെത്തുന്ന യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനാകാത്തതു മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ വന്‍പൊങ്കാലയ്ക്കുമിടയാക്കി. ഇതോടെയാണു നഗരത്തിലെ ചില ഭാഗങ്ങളില്‍ ഇരുമ്പുവേലി മുറിച്ചുമാറ്റി ആളുകള്‍ക്കു പാത മുറിച്ചുകടയ്ക്കാന്‍ സംവിധാനമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."