ഹരിതകേരളം പദ്ധതി; 20 ലക്ഷം വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന്
പാലക്കാട്: ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 20 ലക്ഷം ഫലവൃക്ഷ തൈകള്‍ നടും. അടുത്ത വര്‍ഷം ജൂണോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ സംസ്ഥാനത്താകെ രണ്ട് കോടി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ഫലവൃക്ഷ തൈകള്‍ നടുന്നത്.
കാര്‍ഷിക സര്‍വകലാശാല, കൃഷി വിജ്ഞാന്‍ കേന്ദ്ര, ജില്ലയിലെ വിത്തുല്‍പാദന കേന്ദ്രങ്ങള്‍, നെല്ലിയാമ്പതി ഓറഞ്ച് ആന്‍ഡ് വെജിറ്റബ്ള്‍ ഫാം, പട്ടാമ്പി സെന്‍ട്രല്‍ ഓര്‍ച്ചാഡ്, ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്ന നഴ്‌സറികള്‍ എന്നിവിടങ്ങളിലാണ് ആവശ്യമായ ഫലവൃക്ഷ തൈകള്‍ ഉത്പാദിപ്പിക്കുക. നഴ്‌സറികള്‍ തുടങ്ങുന്നതിനായി ബ്ലോക്ക് തലത്തില്‍ ഏകോപന സമിതികള്‍ രൂപീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ജില്ലാതല ഏകോപന-സാങ്കേതിക സമിതി രൂപീകരിച്ചത്.
തെങ്ങ്, കശുമാവ്, മാവ്, പ്ലാവ്, പേര, സപ്പോട്ട, ആര്യവേപ്പ്, നെല്ലി, മാതളം, മുരിങ്ങ, മുള, പുളി, റംപൂട്ടാന്‍, മാംഗൊസ്റ്റിന്‍ തുടങ്ങിയ തൈകളാണ് ജില്ലയിലുടനീളം നടുക. മണ്ണിന്റെ ഘടന, ജലലഭ്യത കണക്കിലെടുത്ത് പ്രദേശത്തിനുയോജ്യമായ രീതിയിലാകും വൃക്ഷതൈകള്‍ നടുക. അട്ടപ്പാടി മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കും.
ജില്ലാപഞ്ചായത്തിന്റെ ഭാരതപ്പുഴ സംരക്ഷണ പദ്ധതിയുമായി ഏകോപിപ്പിച്ച് പുഴയോരങ്ങളില്‍ മുളകള്‍ നട്ടുപിടിപ്പിക്കും. തൈകളുടെ ഉത്പാദനത്തിനും സംരക്ഷണത്തിനും തെരെഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കും.
ബ്ലോക്ക് തലത്തില്‍ ഓഗസ്റ്റ് 10നകം തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഓരോ ഗ്രാമ പഞ്ചായത്തിലും ഒരു നഴ്‌സറി തുടങ്ങി 40000 തൈകള്‍ വീതം വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
വിത്തുകള്‍ സംഭരിച്ച് ഉത്പാദന ചുമതല ജില്ലയിലെ വിവിധ സീഡ് ഫാമുകള്‍ക്കാണ്. സര്‍ക്കാര്‍ ഭൂമിയിലും പാതയോരങ്ങളിലും പൊതുമരാമത്ത് വകുപ്പ , കുടുംബശ്രീ, ജലസേചന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് തൈകള്‍ നടുക. തൈകളുടെ സംരക്ഷണത്തിനും നിര്‍മാണത്തിനും ആവശ്യമായി വരുന്ന പൊളിത്തീന്‍ കവറുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ട ചുമതല ശുചിത്വ മിഷനാണ്.
തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ഏകോപനസമിതി കണ്‍വീനറും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ അംഗങ്ങളുമാണ്. കൃഷി വകുപ്പ്, സോഷല്‍ ഫോറസ്ട്രി, വനം വകുപ്പ്, കൃഷി ശാസ്ത്രജ്ഞര്‍, നാളികേര-കശുവണ്ടി വികസന കോര്‍പ്പറേഷനുകള്‍, ബാംബൂ മിഷന്‍ എന്നിവടങ്ങളിലെ അംഗങ്ങള്‍ ചേര്‍ന്നതാണ് സാങ്കേതിക സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."